കുത്തനൂർ: പാലക്കാടൻ കർഷക മുന്നേറ്റം കൂട്ടായ്മയുടെ നേതൃത്വത്തിൽ കുത്തനൂർ കൃഷിഭവൻ പരിധിയിൽപ്പെട്ട തിരുക്കോട്, കൽക്കുളം എന്നീ പാടശേഖര സമിതികളിലെ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പ് ഫാമിങ്ങിന്റെ നേതൃത്വത്തിൽ നടീൽ ഉത്സവം നടത്തി. 225 തൊഴിലാളികളാണ് കൂട്ടായ്മയിലുള്ളത്. ഇതിൽ 95 തൊഴിലാളികളാണ് നടീൽ ഉത്സവത്തിന് തുടക്കമിട്ടത്. ഞാറു പറിച്ചു നടുന്നതിന് ഏക്കറിന് 5300 രൂപയാണ് കൂട്ടായ്മ വാങ്ങുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഗ്രൂപ്പ് ഫാമിംഗ് കൃഷിയ്ക്ക് രൂപം നൽകുമെന്ന് കൂട്ടായ്മയിലെ കർഷകർ പറഞ്ഞു. നടീൽ ഉത്സവം കുത്തനൂർ കൃഷി ഓഫീസർ റസൂൽ ഹാരീസ് ഉദ്ഘാടനം ചെയ്തു. പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഹിമേഷ്, ഹരിദാസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന കർഷകൻ ടി.ചാമുണ്ണി കർഷക തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു.