വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ കാൾസ്ബാഡിൽ ട്രക്കിൽ നിന്ന് അമേരിക്കൻ ഡോളർ റോഡിൽ ചിതറി വീണു. പലരും വാഹനം നിറുത്തി റോഡിലിറങ്ങി നോട്ടുകൾ ശേഖരിച്ചു. ചിലർ സന്തോഷത്തോടെ നോട്ടുകൾ വാരിയെടുത്ത് വീണ്ടും വലിച്ചെറിഞ്ഞു.
ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കിൽ നിന്ന് പ്രദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15നാണ് നോട്ടുകൾ റോഡിൽ വീണത്. സാന്റിയാഗോയിൽ നിന്ന് ഡോളറുമായി പോയ വാഹനമായിരുന്നു ഇതെന്ന് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായി തുറന്ന് പോകുകയും നോട്ടുകൾ സൂക്ഷിച്ചിരുന്ന ബാഗുകൾ റോഡിൽ വീഴുകയായിരുന്നു. പിന്നീട് ജനങ്ങൾ നോട്ടുകൾ ശേഖരിക്കാൻ ഓടിയെത്തി. ഇതേത്തുടർന്ന് ഫ്രീവേയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര് കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |