SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

പേരിൽ രണ്ടാമൻ അസൗകര്യങ്ങളിൽ ഒന്നാമൻ !

Increase Font Size Decrease Font Size Print Page
railway

കൊല്ലം : കേരളത്തിലെ രണ്ടാമത്തെ വലിയ റെയിൽവേ സ്റ്റേഷനാണ് കൊല്ലത്തേത്. എന്നാൽ, സൗകര്യങ്ങളുടെ കാര്യമെടുത്താൽ ഇത് വെറും വീമ്പുപറച്ചിലായിപ്പോകും!

കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്ന് കേൾക്കുമ്പോഴുള്ള പ്രൗഢിയൊന്നും കാര്യത്തിലില്ലെന്ന് ചുരുക്കം.

കൊവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പലതും ഇതുവരെ പുനരരംഭിച്ചിട്ടില്ല. കൊല്ലം -എറണാകുളം റൂട്ടിൽ ഓടിയിരുന്ന നാലു മെമു ട്രെയിനുകളിൽ രണ്ടെണ്ണം മാത്രമാണ് തിരിച്ചുവന്നത്. കൊല്ലം - കന്യാകുമാരി, മെമുവിന് ഗ്രീൻ സിഗ്നൽ ലഭിച്ചതുമില്ല. കൊല്ലം- എറണാകുളം റൂട്ടിൽ രണ്ടു മെമു മാത്രമാണ് കൊവിഡിന് ശേഷം ആരംഭിച്ചത്. തിരുവനന്തപുരം -നഗർകോവിൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ട്രെയിൻ കൊല്ലം വരെ നീട്ടാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല. ചില ട്രെയിനുകളുടെ സമയമാറ്റം യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നതാണ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഓഫീസ് സമയത്ത് കൊല്ലത്ത് എത്തുന്ന വിധത്തിൽ രാവിലെ 8.30നും 10നും മദ്ധ്യേ കൂടുതൽ സർവീസുകൾ വേണമെന്നത് യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. രാവിലെ 7ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ശബരി 8ന് കൊല്ലത്തെത്തും. വൈകുന്നേരം 4.50ന് കൊല്ലത്തു നിന്ന് കോട്ടയത്തിനു പോകുന്ന നാഗർകോവിൽ ട്രെയിനിന്റെ സമയം 5 മണിയാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

നാളുകളായി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ് പിറ്റ്ലൈൻ സൗകര്യം.

കോച്ച് പൊസിഷൻ അറിയുന്നതിനായി എൽ.ഇ.ഡി ഡിസ് പ്ലേ പ്ലാറ്റ്ഫാേമുകളിൽ സ്ഥാപിക്കുക എന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

വാണിജ്യസമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പടെ കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.

രണ്ടാമത്തെ എക്സലേറ്റർ ലിഫ്റ്റ് തുറക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമായില്ല.

ആവശ്യങ്ങൾ

 കൊല്ലം പുനലൂർ ചെങ്കോട്ട പാത വഴി കൊല്ലം - കോയമ്പത്തൂർ, കൊല്ലം - തിരുനെൽവേലി, കൊല്ലം - വേളാങ്കണ്ണി, കൊല്ലം-രാമേശ്വരം തുടങ്ങിയ ജനപ്രിയ ട്രെയിൻ സർവീസുകൾ ആരംഭിക്കണം.

 റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ റെയിൽവേ ഹോസ്പിറ്റൽ സ്ഥാപിക്കുക.

 40 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ച കൊല്ലം മെമു ഷെഡ് വികസനം നടപ്പാക്കുക.

 കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക.

 കൊല്ലത്ത് കോച്ച് മെയിന്റനൻസ് ഡിപ്പോ സ്ഥാപിക്കുക.

ഓച്ചിറ, പെരിനാട്

സ്റ്റോപ്പുള്ളത് പാസഞ്ചർ ട്രെയിനുകൾക്ക് മാത്രം. കൊവിഡ് കാലത്ത് നിർത്തിവച്ച സ്റ്റോപ്പുകൾ പുനസ്ഥാപിച്ചിട്ടില്ല. സ്റ്റേഷനുകൾ കാടുകയറി കിടക്കുന്നു. റിസർവേഷൻ സൗകര്യമില്ല.

ശാസ്താംകോട്ട

റിസർവേഷൻ സമയം 16മണിക്കൂർ മാത്രമേയുള്ളു. മാവേലി എക്സ് പ്രസിനും ഇന്റർ സിറ്റിക്കും സ്റ്റോപ്പ്‌ വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

(അവസാനിച്ചു)

TAGS: LOCAL NEWS, KOLLAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY