തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാന്റിന് പരാതി നൽകാനൊരുങ്ങി കെ പി സി സി നേതൃത്വം. ഇരുനേതാക്കളും പാർട്ടി പ്രവർത്തനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നുവെന്നും, ഇരുവരും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നുമാണ് കെ പി സി സി നേതൃത്വത്തിന്റെ പരാതി.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും കഴിഞ്ഞ ദിവസത്തെ യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ചതെന്നും, തലസ്ഥാനത്ത് ഉണ്ടായിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂർവമാണെന്നുമാണ് വിമർശനം. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഇതുവരെ മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ലെന്നും, എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ പരാതി.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ മികവാർന്ന പ്രവർത്തനത്തിന്റെ യശസ് ഇല്ലാതാക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുകയാണെന്നും, ഘടക കക്ഷികൾക്കിടയിലും പാർട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. പാര്‍ട്ടിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിലര്‍ മാദ്ധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |