കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സാഹസിക ടൂറിസം മാമാങ്കത്തിന് ബേപ്പൂർ വേദിയാവുകയാണ്. 26 ന് കൊടിയേറുന്ന വാട്ടർ ഫെസ്റ്റ് 29 വരെയുണ്ടാവും.
കൊവിഡാനന്തര ടൂറിസത്തിന് പുത്തനുണർവ് പകർന്ന് അഡ്വഞ്ചർ കായികപ്രേമികളെ ആകർഷിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം അദ്ദേഹം റവന്യുവകുപ്പ് മന്ത്രി കെ. രാജന് നൽകി നിർവഹിച്ചു. സെയിലിംഗ് രംഗത്തെ പ്രമുഖരിൽ ഇന്ത്യൻ നാവിക സേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ് ടോമി, ക്യാപ്റ്റൻ തൃഭുവൻ ജെയ്സ്വാൽ,കേണൽ അലോക് യാദവ്, കേണൽ ഗൗതം ദത്ത, ക്യാപ്ടൻ വിവേക് ഷാൻബാഗ്, അരവിന്ദ് ശർമ എന്നിവർ മേളയിൽ പങ്കെടുക്കും. കർട്ടൻ റെയ്സർ ഈവന്റായി ബഷീർ കഥാപാത്രങ്ങളെ കോർത്തിണക്കി ഡിസംബർ 25ന് നാടകം അരങ്ങേറും.
ജല കായികമത്സരങ്ങളായ കയാക്കിംഗ്, സ്റ്റാൻഡ് അപ്പ് പെഡലിംഗ്, ബാംബൂ റാഫ്റ്റിംഗ്, സെയിലിംഗ് രെഗെട്ട തുടങ്ങിയവയും തദ്ദേശവാസികൾക്കായുള്ള ചൂണ്ടയിടൽ, വലവീശൽ, നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങളും ട്രഷർ ഹണ്ട് എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി നടക്കും. നാഷണൽ കൈറ്റ് ഫ്ലൈയിംഗ്, കൈറ്റ് സർഫിംഗ്, ഫ്ലൈയിംഗ് ബോർഡ് ഡെമോ തുടങ്ങിയ പ്രദർശന ഇനങ്ങൾക്കു പുറമേ സമാപന ദിവസം ബേപ്പൂർ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകളുടെ പരേഡുമുണ്ടാവും.ഉദ്ഘാടന സമാപന ദിവസങ്ങളിൽ വൈകിട്ട് ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്റർ ടീമിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ പ്രദർശനവും നാവിക കപ്പലുകളുടെ ദീപാലങ്കാരവും നടക്കും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനത്തിന്റെ ഫ്ളൈപാസ്റ്റും നാവിക കോസ്റ്റ് ഗാർഡ് ബാൻഡിന്റെ പ്രകടനവും ഇതിന്റെ ഭാഗമായുണ്ടാവും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ് തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |