പുതുവർഷത്തിൽ പൊലീസ് പശ്ചാത്തലം കേന്ദ്രീകരിച്ച് കഥ പറയാനാണ് മലയാള സിനിമയ്ക്ക് കൂടുതൽ താത്പര്യം. പത്തു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പത്തു ചിത്രങ്ങൾ ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലും. ദുൽഖർ സൽമാൻ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന സല്യൂട്ട് ആണ് ഈ വർഷത്തിലെ ആദ്യ 'പൊലീസ് റിലീസ്." ജനുവരി14ന് ചിത്രം തിയേറ്ററുകളിൽ എത്തും.
സാഗർഹരി രചനയും സംവിധാനവും നിർവഹിച്ച സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥനായി എത്തുന്നു. ജനുവരി 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിവരാണ് മറ്റു താരങ്ങൾ. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും പൂർണമായും പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ആസിഫ് അലി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ സണ്ണി വയ്ൻ, അലൻസിയർ, ശെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. പ്രശസ്ത നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസും മാദ്ധ്യമപ്രവർത്തകൻ ശ്രീജിത് ദിവാകരനും ചേർന്നാണ് രചന.
ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന കള്ളൻ ഡിസൂസയിൽ സൗബിൻ ഷാഹിർ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവ തരിപ്പിക്കുന്നത്. കള്ളനും പൊലീസും കളിയാണ് ചിത്രത്തിന്റെ പ്രമേയം. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു താരങ്ങൾ. ജനുവരി 27ന് ചിത്രം റിലീസ് ചെയ്യും. കനി കുസൃതി പൊലീസ് കോൺസ്റ്റബിളായി എത്തുന്ന ത്രില്ലർ ചിത്രമാണ് കിറ്ക്കൻ. പൊലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല എന്നാണ് ചിത്രത്തിന്റെ ടാഗ് െെലൻ. നവാഗതനായ ജോഷ് ആണ് രചനയും സംവിധാനവും. ഒരു കേസന്വേഷണമാണ് പ്രമേയം.
സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രം സി.ബി.ഐ 5 ആണ് ചിത്രീകരണം ആരംഭിച്ച മറ്റൊരു സിനിമ. മമ്മൂട്ടിയും കെ. മധുവും എസ്.എൻ. സ്വാമിയും വീണ്ടും എത്തുന്ന ചിത്രം ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് സേതുരാമയ്യരുടെ ഇത്തവണത്തെയും യാത്ര. പ്രതി പ്രണയത്തിലാണ് എന്ന പേരിൽ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം വാഗമണ്ണിന്റെ പശ്ചാത്തലത്തിൽ ഒരു പൊലീസ് സ്റ്റേഷനിൽ നാലുദിവസങ്ങളായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുക. ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനിൽ പൊറ്റമ്മൽ രചനയും സംവിധാനവും നിർവഹിച്ച പ്രതി നിരപരാധിയാണോ എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷൻ പ്രധാന കഥാപാത്രമാണ്. ജോജു ജോർജ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് പുലിമട.
എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുന്നു. വിൻസന്റ് സ്കറിയ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് ജോജുവിനു ഇത്തവണ. നവാഗതനായ ഹേമന്ദ് ജി. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിലും ധ്യാൻ ശ്രീനിവാസൻ പൊലീസുകാരനാണ്. വൻവിജയം നേടിയ അഞ്ചാം പാതിരയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആറാം പാതിര പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |