ഒറ്റപ്പാലം: നൂറ്റാണ്ടുകൾ പഴക്കമുള്ള ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം പുതിയ പാലം വരുന്നു. 4.18 കോടി രൂപ ചെലവിലാണ് നിലവിലെ പാലത്തിന് വടക്ക് ഭാഗത്തായി പുതിയ പാലം നിർമ്മിക്കുന്നത്. ഇതിന് വേണ്ട പദ്ധതിയുടെ രൂപ രേഖ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തിന് അധികൃതർ സമർപ്പിച്ചു. എട്ട് മീറ്റർ വീതിയിൽ 35 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. അംഗീകാരം ലഭിക്കുന്നതോടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പണി തുടങ്ങാനാണ് പദ്ധതി. രൂപരേഖ സമർപ്പിക്കുന്നതിന് മുന്നോടിയായി കെ. പ്രേംകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ഈസ്റ്റ് ഒറ്റപ്പാലം തോടിന് കുറുകെ നിലവിലെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുക. നഗരത്തിൽ റോഡിന് വീതിയുണ്ടെങ്കിലും ഈസ്റ്റ് ഒറ്റപ്പാലം പാലം ഒരു കുപ്പിക്കഴുത്തായതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇരുവശങ്ങളിൽ നിന്ന് വരുന്ന വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാനുള്ള വീതിയില്ലാത്തതും വലിയ പ്രതിസന്ധിയായിരുന്നു. പുതിയ പാലം വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |