തൃക്കരിപ്പൂർ: പെൺകുട്ടികൾക്ക് ആക്രമങ്ങളെ ചെറുക്കാനും ആത്മവിശ്വാസവും പ്രതിരോധശേഷിയും നേടിയെടുക്കാനുമായി പരിശീലനം നൽകി ചെറുവത്തൂർ ബി.ആർ.സി. ഏഴു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ പെൺകുട്ടികൾക്ക് അതിക്രമങ്ങളെ ചെറുക്കാനാണ് പ്രതിരോധ പദ്ധതിയായ സധൈര്യം വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചത്.
കഴിഞ്ഞ പത്തുനാൾ രണ്ടുമണിക്കൂർ വീതം നീളുന്നതായിരുന്നു പരിശീലനം. ക്ലാസ് കഴിഞ്ഞ ശേഷമുള്ള പരിശീലനത്തെ കുട്ടികൾ ഏറെ താൽപര്യത്തോടെയായിരുന്നു വരവേറ്റത്. ഓരോ നോഡൽ സ്കൂളിലും തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി പങ്കെടുപ്പിച്ചായിരുന്നു കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുള്ള പരിശീലനം.കുട്ടികൾക്ക് എല്ലാ ദിവസവും ലഘുഭക്ഷണ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.
സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകളുടെ അംഗീകാരമുള്ള പരിശീലകർക്കായിരുന്നു പരിശീലന നേതൃത്വം. വിവിധകേന്ദ്രങ്ങളിൽ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.വത്സലൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബി.പി.സി വി.എസ്.ബിജുരാജ്, ട്രെയിനർ പി. വേണുഗോപാലൻ, സി.സനൂപ്, കെ.ശ്രുതി, വി.എം.സയന, വി.എം.പ്രസീത, പി.കെ.ജുവൈരിയ എന്നിവർ സംസാരിച്ചു.
പരിശീലനം നൽകിയ നോഡൽ സ്കൂളുകൾ
മെട്ടമ്മൽ ജി.ഡബ്ല്യു.യു.പി.എസ്, ചന്തേര ജി.യു.പി.എസ്,പടന്നക്കടപ്പുറം ജി.എഫ്.എച്ച്.എസ്.എസ്, പിലിക്കോട് ജി.എച്ച്.എസ്.എസ്, ചീമേനി ജി.എച്ച്.എസ്.എസ്, കയ്യൂർ ജി.വി.എച്ച്.എസ്.എസ്, ഉദിനൂർ ജി.എച്ച്.എസ്.എസ്, ചെറുവത്തൂർ ജി.എഫ്.വി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കളരി, കരാട്ടെ, ജൂഡോ എന്നിവയിലാണ് 315 പെൺകുട്ടികൾക്ക് പരിശീലനം ലഭ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |