വാഷിംഗ്ടൺ: ഉക്രെയിന് നേരെ റഷ്യൻ ആക്രമണത്തിന് സാദ്ധ്യതകൾ വർദ്ധിച്ചിരിക്കെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. ഉക്രെയിനെ ആക്രമിച്ചാൽ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന വലിയ പൈപ്പ്ലൈൻ പദ്ധതി തടയുമെന്നാണ് അമേരിക്ക റഷ്യയെ അറിയിച്ചത്. റഷ്യയിൽ നിന്ന് ജർമ്മനി വരെ പ്രകൃതിവാതകം എത്തിക്കുന്ന 1255 കിലോമീറ്റർ നീളമുളള 800 കോടി യൂറോയുടെ പദ്ധതിയാണിത്. ഇതിനെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഇത്തരത്തിൽ ഉപരോധമുണ്ടായാൽ അത് റഷ്യയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകും. നാറ്റോയിൽ ഉക്രെയിനെ അംഗമാക്കില്ലെന്ന ഉറപ്പ് വേണമെന്നാണ് റഷ്യയുടെ ആവശ്യം. ഇത് അമേരിക്ക തളളിക്കളഞ്ഞിരുന്നു. ജർമ്മനിയടക്കം പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കൻ നിലപാടിൽ അനുകൂലിച്ചിരുന്നു. അതേസമയം ഉപരോധത്തിലൂടെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് അമേരിക്കയ്ക്ക് റഷ്യയും മുന്നറിയിപ്പ് നൽകി.
സ്ഥിതി വഷളാകുന്നതിനാൽ ഉക്രെയിനിൽ നിന്നും അമേരിക്ക തങ്ങളുടെ പൗരന്മാരെ തിരികെ വിളിപ്പിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന് നേരെ ഉപരോധത്തിനും അമേരിക്ക ആലോചിക്കുകയാണ്. റഷ്യൻ സൈനികർ ഉക്രെയിനെ ആക്രമിക്കാൻ തയ്യാറാണ്. എന്നാൽ യുദ്ധം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഷയത്തിൽ പ്രതികരിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |