SignIn
Kerala Kaumudi Online
Thursday, 19 September 2024 6.29 PM IST

സങ്കീർത്തനക്കാരനോട് 7 ചോദ്യങ്ങൾ

Increase Font Size Decrease Font Size Print Page
peru1

തിരുവനന്തപുരം തമലത്തെ പെരുമ്പടവം വീട്ടിലേക്ക് കടന്നുചെല്ലുന്ന ആർക്കും സൗമ്യതയിൽ പൊതിഞ്ഞ പുഞ്ചിരി സമ്മാനിക്കാൻ പെരുമ്പടവമുണ്ട്. ഇന്നലെ അവിടെയെത്തിയപ്പോൾ പങ്കുവച്ച 7 ചോദ്യങ്ങളും അതിന് അദ്ദേഹം തന്ന ഉത്തരങ്ങളും.

1.ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രതികരണങ്ങൾ എങ്ങനെ?

#'ഒരു സങ്കീർത്തനം പോലെ ' പ്രസിദ്ധീകരിച്ച ശേഷം കെട്ടുകണക്കിന് കത്തുകളാണ് വന്നത്. കത്തെഴുതിയവരിൽ അധികവും സ്ത്രീകൾ. ദസ്തയേവ്സ്കിക്ക് അന്ന സഹായി ആയിരുന്നപോലെ അങ്ങയുടെ എഴുത്തിന് ഞാൻ സഹായിയായി വന്നോട്ടെ എന്നായിരുന്നു ഒരു യുവതിയുടെ ചോദ്യം. ഒരിക്കൽ എറാണാകുളത്ത് ചെന്നപ്പോൾ ഓട്ടോയുടെ പേര് 'ദസ്തയേവ്സ്കി'. ഞാനും ഭാര്യയും മക്കളുമെല്ലാം അങ്ങയുടെ ഒരു സങ്കീർത്തനം പോലെ വായിച്ചു. അങ്ങനെയാണ് ഓട്ടോയ്ക്ക് പേരിട്ടത്. അയാളുടെ മകന്റെ പേരും ദസ്തയേവ്സ്കി. ദസ്തെ എന്നാണ് ചുരുക്കി വിളിക്കുന്നത്.

കൊട്ടാരക്കര നിന്നും പ്രഭാകരൻ നായർ എന്നൊരാൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം കാണാനെത്തി. മകളുടെ പേരു ചോദിച്ചപ്പോൾ ഉടൻ മറുപടി 'അന്ന' .

2. എങ്ങനെയാണ് എഴുത്തിന്റെ രീതി ?

#എഴുത്ത് എനിക്ക് ജീവിതമാണ്, തൊഴിലല്ല. എഴുത്തിലേക്ക് കയറുകയാണ് പ്രയാസം. 'അരൂപിയുടെ മൂന്നാം പ്രാവാ'ണ് ഏറെ ക്ളേശിച്ച് എഴുതിയ കൃതി. സങ്കീർത്തനത്തെക്കാൾ ഈ നോവൽ ഇഷ്ടപ്പെടുന്ന നിരവധി വായനക്കാരുണ്ട്. വളരെ ശ്രദ്ധാപൂർവ്വമായിരുന്നു അതിന്റെ രചന. എന്റെ അടുത്ത സുഹൃത്തായിരുന്ന അന്തരിച്ച നരേന്ദ്രപ്രസാദ് കൃതി വായിച്ചിട്ട് പറഞ്ഞത് ' ഇനി ഒന്നും നോക്കേണ്ട, മേജർസെറ്റിലേക്കായി' എന്നാണ്. അദ്ദേഹം പുസ്തകത്തെക്കുറിച്ച് വിശദമായ ലേഖനവും എഴുതി.

3. ഏതെങ്കിലും എഴുത്തുകാർ സ്വാധീനിച്ചിട്ടുണ്ടോ?

# ദസ്തയേവ്സ്കി വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. ജീവിതത്തിലെ ആത്മവ്യഥയും സംഘർഷവും ഇതുപോലെ ആവിഷ്കരിച്ച മറ്റാരുണ്ട്. അടങ്ങാത്ത കൊടുങ്കാറ്റ് എപ്പോഴും അദ്ദേഹത്തിന് ചുറ്റും വീശിക്കൊണ്ടിരിക്കുന്നതായി തോന്നി. നിരന്തര ദുരന്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

4. സമാനദുഃഖങ്ങൾ ഉണ്ടായിട്ടുണ്ടോ?

#പെരുമ്പടവം ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ട വീട്ടിലാണ് ഞാൻ ജനിച്ചത്. അഞ്ചു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്.

5. ജീവിതത്തിൽ ഏറ്റവും ഓർക്കുന്നത്?

#ഏറ്രവും ഓർക്കുന്നതെന്നല്ല, ഒന്നും മറക്കാനാവാത്തതാണ്. വഹിക്കാൻ കഴിയുന്നതിലും വലിയ ഭാരമാണ് ചുമക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

6. അവാർഡുകളിൽ. ഏറ്റവും പ്രിയപ്പെട്ടത്?

#വയലാർ അവാർഡ്. എന്റെ വീടിന്റെ തൊട്ടു താഴെയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ താമസിച്ചിരുന്നത്. എങ്കിലും പരിചയമുണ്ടായിരുന്നില്ല. വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമൻ ഒരു ദിവസം മലയാറ്റൂരിന് എന്നെ കാണണമെന്ന് പറഞ്ഞതായി അറിയിച്ചു. ഞാൻ അദ്ദേഹത്തെ മാസ്കറ്റ് ഹോട്ടലിൽ കാണാൻ പോയി. കൈകൂപ്പി നിന്നപ്പോൾ മലയാറ്റൂരിന്റെ വാക്കുകൾ ' താൻ എന്നെയല്ല, ഞാൻ തന്നെയാണ് തൊഴേണ്ടത് ' കാര്യം മനസിലാവാതെ നിന്നപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു, ഇത്തവണത്തെ വയലാർ അവാർഡ് തനിക്കാണ്. ഒരു സങ്കീർത്തനം പോലെ വായിച്ച് സ്തംഭിച്ചു പോയി എന്നുകൂടി മലയാറ്റൂർ പറഞ്ഞപ്പോൾ മനസ് നിറഞ്ഞു.

7. പുതിയ കൃതി?

#'അവനി വാഴ്വ് കിനാവ് '. കേരളകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലെറ്റാണ്. മഹാകവി കുമാരനാശാന്റെ ജീവിതവുമായി കഥയ്ക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞു. അതിനാൽ അതിൽ മാറ്റങ്ങൾ വരുത്തി നോവലാക്കി എഴുതുകയാണ്. കവിയുടെ ജീവിതത്തിലെ സംഘർഷവും വ്യഥയും സമൂഹവുമായുള്ള കലഹവുമൊക്കെയാണ് പ്രമേയം. ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PERUMBADAVAM SREEDHARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.