കോട്ടയം: കാണക്കാരി ഏഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും കാർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മാന്നുള്ളിൽ വീട്ടിൽ ജോസ് (ലാലു 64) ആണ് പിടിയിലായത്. ജനുവരി 10ന് രാത്രിയിലാണ് കാർ മോഷണം പോയത്. കാണക്കാരിയിലെ യൂസ്ഡ് കാർ ഷോറൂമിൽ വാഹനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിച്ചു. ഷോറൂമിന്റെ രൂപരേഖ മനസിലാക്കിയ പ്രതി രാത്രിയിൽ സ്വിഫ്റ്റ് കാർ മോഷ്ടിക്കുകയായിരുന്നു. ഇന്നലെ കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാർക്കിംഗ് ഏരിയാകളിൽ ഒളിപ്പിക്കും. ഈ വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മലഞ്ചരക്ക് കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുന്നതാണ് പതിവ്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, തമിഴ്നാട്ടിലും അടക്കം 25 ഓളം കേസുകളിൽ പ്രതിയാണ്.എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞു വരവേ ജാമ്യത്തിലിറങ്ങിയതിനുശേഷമാണ് കാണക്കാരിയിലെത്തി കാർ മോഷണം നടത്തിയത്. പ്രതിയെ പാലാ ജെ.എഫ്.എം.സി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |