ജലന്ധർ: അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ കബഡി ടൂർണമെന്റ് നടക്കുന്നതിനിടെ അക്രമികളുടെ വെടിയേറ്റു മരിച്ചു. 40 വയസായിരുന്നു. ജലന്ധറിലെ മലിയൻ വില്ലേജിൽ ഒരു കബഡി ടൂർണമെന്റ് നടക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ സന്ദീപിന് നേർക്ക് അക്രമികൾ നിറയൊഴിച്ചത്. തലയിലും നെഞ്ചിലുമായി ഇരുപതോളം തവണ താരത്തിന് വെടിയേറ്റു. വെടിവച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ജലന്ധർ റൂറൽ ഡി.എസ്.പി ലഖ്വിന്ദർ സിംഗ് അറിയിച്ചു. അക്രമി സംഘത്തിൽ നാലോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടയൊച്ച കേട്ട് മത്സരം കാണാനെത്തിയ കാണികൾ ചിതറിയോടി.
കുടുംബസമേതം ഇംഗ്ലണ്ടിൽ താമസിക്കുന്ന സന്ദീപ് പഞ്ചാബിൽ കബഡി ടൂർണമെന്റുകൾ സംഘടിപ്പിച്ചു വരികയായിരുന്നു. മികച്ച സാങ്കേതിക തികവുള്ള താരമായ സന്ദീപ് അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലുമെല്ലാം കബഡി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |