ശ്രീനഗർ: ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബാരാമുള്ള ജില്ലയിലെ സോപോറിലുള്ള ക്യാമ്പിന് നേരെ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ബോംബ് ക്യാമ്പിന് പുറത്താണ് വീണതെന്നും പൊലീസ് അറിയിച്ചു. അതേ സമയം ബുർഖ ധരിച്ചെത്തിയ സ്ത്രീ ബോംബെറിയുന്നതിന്റെ സി.സിടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ പർദ്ദയണിഞ്ഞ് ഒരാൾ നടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. റോഡിനു നടുവിൽ വന്ന് നിന്ന സ്ത്രീ, ബാഗിൽ നിന്നും ബോംബെടുത്ത് ക്യാമ്പിന് നേരെ എറിയുകയായിരുന്നു. സ്ഫോടനം നടന്ന തോടെ ആളുകൾ ചിതറിയോടുകയും തൊട്ടുപിന്നാലെ ഇവർ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ബോംബെറിഞ്ഞ സ്ത്രീക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും കാശ്മീർ ഐ. ജി വിജയ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |