ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്: വനിതാ ലോംഗ് ജമ്പിലെ മൂന്ന് മെഡലും കേരളത്തിന്
നയന ജയിംസിന് സ്വർണവും ഏഷ്യൻ ഗെയിംസ് യോഗ്യതയും
തേഞ്ഞിപ്പലം : ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിൽ ആദ്യ രണ്ട് ദിവസങ്ങളിലും അകന്നു നിന്ന സുവർണ ശോഭ മൂന്നാം ദിനം കേരളത്തിന് സമ്മാനിച്ച് നയന ജയിംസിന്റെ മിന്നൽ ചാട്ടം! വനിതകളുടെ ലോംഗ് ജമ്പിൽ 6.45 മീറ്റർ ചാടി നയന സ്വർണപ്പറവയായപ്പോൾ ഈ ഇനത്തിലെ വെള്ളിയും വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 6.33 മീറ്റർ ചാടി ആൻസി സോജനാണ് വെള്ളി സ്വന്തമാക്കിയത്. 6.32 മീറ്റർ ചാടിയ സാന്ദ്ര ബാബു വെങ്കലവും നേടി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതയും നയന സ്വന്തമാക്കി. ലോംഗ് ജമ്പിലെ ഈ മൂന്ന് മെഡലുകളാണ് കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ സിന്താന്ത് തിങ്കലയ സ്വര്‍ണം നേടി.(14.08 സെക്കൻഡ്). ഹൈജമ്പില്‍ ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യത ഉറപ്പിച്ച് പുരുഷന്മാരുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ സര്‍വേഷ് കുഷാരെ സ്വര്‍ണം സ്വന്തമാക്കി(2.25). വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തർപ്രദേശിന്റെ അന്നു റാണി (61.15 മീറ്റര്‍) സ്വർണം നേടി. അന്നു റാണിക്ക് തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടക്കാനായില്ലെങ്കിലും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യത കരസ്ഥമാക്കാനായി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ഹരിയാനയുടെ ശങ്കര്‍ ലാല്‍ സ്വാമി(8.32.01), സ്വർണവും,ബാല്‍ കൃഷ്ണന്(8.38.32) വെള്ളിയും നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്ധ്രാപ്രദേശിന്റെ ജ്യോതി യരാജി(13.09 ) വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ മഹാരാഷ്ട്രയുടെ കോമള്‍ ചന്ദ്രക ജഗന്ദാലേ(9.47.86) പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ തജീന്ദ്ര പാല് സിന് തൂര്‍(19.12) എന്നിവരാണ് മറ്റു സുവർണ നേട്ടക്കാർ.
തിരുമ്പി വന്തിട്ടേന്ന് സൊല്ല്...
ജോലിത്തിരക്കിൽ മൂന്ന് വർഷം പരിശീലനവും മത്സരങ്ങളും മുടങ്ങിയതിന്റെ ദുഃഖം നയന ജെയിംസ് ഒരൊറ്റ ചാട്ടത്തിൽ ഇന്നലെ തീർത്തു. ചെന്നൈ ഇൻകം ടാക്സിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന നയനയ്ക്ക് ജോലിത്തിരക്ക് കാരണം കാര്യമായ പരിശീലനം നടത്താനോ മത്സരങ്ങളിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. റെക്കാഡ് ഇല്ലെങ്കിലും സ്വർണവും ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതയും ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് നയന പറഞ്ഞു. ദേശീയമീറ്റിനായി ആറ് മാസം മുമ്പ് കോച്ച് ജയകുമാറിന്റെ കീഴിൽ പരിശീലനം പുനരാരംഭിച്ചതാണ് നയന. വെള്ളി നേടിയ ആൻസി നിലവിൽ ഏഷ്യൻ ഗെയിംസ്, കോമൻ വെൽത്ത് എന്നിവയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |