മുംബയ്: വെടിക്കെട്ട് ബാറ്റിംഗുമായി നിറഞ്ഞാടിയ ദിനേഷ് കാർത്തിക്കിന്റേയും ഷഹബാസ് അഹമ്മദിന്റെയും മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബാംഗ്ലൂർ ഒരുഘട്ടത്തിൽ പരാജയം മുന്നിൽക്കണ്ടെങ്കിലും ഷഹബാസിന്റെയും (26 പന്തിൽ 45), കാർത്തിക്കിന്റേയും (23 പന്തിൽ 44) അവസരോചിതമായ ബാറ്റിംഗ് അഞ്ച് പന്ത് അവശേഷിക്കെ അവരെ വിജയതീരത്തെത്തിക്കുകയായിരുന്നു (173/6).
ഓപ്പണർമാരായ നായകൻ ഫാഫ് ഡുപ്ലെസിസും (29), അനുജ് റാവത്തും (26) ഒന്നാം വിക്കറ്റിൽ 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി. 7-ാമത്തെ ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിസിനെ പുറത്താക്കി യൂസ്വേന്ദ്ര ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് കൊഹ്ലി (5) ഉൾപ്പെടെയുള്ളവർ വന്നപോലെ മടങ്ങിയപ്പോൾ 12.3 ഓവറിൽ 87/5 എന്ന നിലയിലായി ബാംഗ്ലൂർ.അവിടെ വച്ച് ക്രീസിൽ ഒന്നിച്ച ദിനേഷും ഷഹബാസും ആറാം വിക്കറ്റിൽ 33 പന്തിൽ 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രാജസ്ഥാനിൽ നിന്ന് ജയം തട്ടിപ്പറിക്കുകയായിരുന്നു. ലക്ഷ്യത്തിനരികെ ഷഹബാസിനെ ബൗൾട്ട് പുറത്താക്കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ച് ദിനേഷ് വിജയമുറപ്പിച്ചു. ഷഹബാസ് 4 ഫോറും 3 സിക്സും ദിനേഷ് 7 ഫോറും 1 സിക്സും നേടി. ബൗൾട്ടും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജസ്ഥാന്റെ സീസണിലെ ആദ്യ പരാജയമാണിത്. നേരത്തേ 6 സിക്സുൾപ്പെടെ പുറത്താകാതെ 47 പന്തിൽ 70 റൺസെടുത്ത ജോസ് ബട്ട്ലറും 31 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പെടെ 42 റൺസ് പുറത്താകാതെ നേടിയ ഹെറ്റ്മേയറുമാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ദേവ് ദത്ത് പടിക്കൽ 37 റൺസ് നേടി.ക്യാപ്ടൻ സഞ്ജു സാംസൺ 8ഉം യശ്വസി ജയിസ്വാൾ 4 ഉം റൺസെടുത്ത് പുറത്തായി.ബാംഗ്ലൂരിന്റെ രണ്ടാം ജയവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |