എന്റെ ജില്ല ആപ്പ് ഒരുങ്ങി
കൊല്ലം: സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ ഒറ്റക്ളിക്കിലൂടെ കണ്ടെത്താൻ കഴിയുന്ന 'എന്റെ ജില്ല' ആപ്പ് തയ്യാറായി. ഓരോ വകുപ്പിന്റെയും പൂർണമായ വിവരങ്ങൾ ആപ്പിലുണ്ട്.
സേവനങ്ങളെ കുറിച്ചും ഓഫീസുകളെപറ്റിയും ജനങ്ങൾക്ക് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. ഓഫീസുകളെ കുറിച്ചുള്ള വിലയിരുത്തലുകൾ ജില്ലാ കളക്ടർ പരിശോധിക്കും. തുടർ നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും.
ആപ്പിന്റെ പ്രവർത്തനത്തിനായി ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യൂ, പൊലീസ്, ആർ.ടി.ഒ, എക്സൈസ്, ആരോഗ്യം, ഫിഷറീസ്, കൃഷി തുടങ്ങി ജില്ലയിലെ 20 വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.
അക്ഷയ, ട്രഷറി, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ തുടങ്ങിയ അവശ്യ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും. കേന്ദ്രസർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗൂഗിൾ മാപ്പിലൂടെ കണ്ടെത്താനും ഫോൺ നമ്പറുകൾ, ഇ - മെയിൽ എന്നിവ വഴി നേരിട്ട് ബന്ധപ്പെടാനും ആപ്പ് സഹായകമാണ്.
സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനസൗഹൃദവും സുതാര്യവുമാക്കുന്നതിന് ആപ്പ് പ്രയോജനപ്പെടും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ആസിഫ്.കെ. യൂസഫ്,ജില്ലാ വികസന കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |