ലോസ്ആഞ്ചലസ് : മകൾക്ക് പേര് നൽകി പ്രിയങ്ക ചോപ്ര - നിക് ജൊനാസ് ദമ്പതികൾ. ' മാൽതി മേരി ചോപ്ര ജോനാസ് " എന്നാണ് കുഞ്ഞിന്റെ പേര്. സുഗന്ധമുള്ള പുഷ്പം, ചന്ദ്രന്റെ പ്രകാശം എന്നിങ്ങനെയാണ് മാൽതിയെന്ന പേരിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നും യേശുക്രിസ്തുവിന്റെ മാതാവായ മേരിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മകളുടെ പേരിൽ ' മേരി " ചേർത്തിരിക്കുന്നത്.
മറ്റൊരു പ്രത്യേകത കൂടി മകളുടെ പേരിനുണ്ട്. നിക്കിന്റെയും പ്രിയങ്കയുടെയും അമ്മമാരുടെ പേരുകൾ കൂടിയാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. മധു മാലതി എന്നാണ് പ്രിയങ്കയുടെ അമ്മയുടെ മുഴുവൻ പേര്. ഡെനിസ് മേരിയെന്നാണ് നിക്കിന്റെ അമ്മയുടെ പേര്.
2018ലാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്ത വിവരം പ്രിയങ്ക ജനുവരിയിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകളുടെ ചിത്രം പ്രിയങ്കയോ നിക്കോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |