കാസർകോട്: ക്രാഫ്റ്റ്- 22 എന്ന പേരിൽ 27, 28, 29 തീയതികളിൽ കോളിയടുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കുന്ന ത്രിദിന ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സമഗ്ര ശിക്ഷാ കേരളം, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പൈലറ്റായി നടപ്പിലാക്കുന്ന ഈ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. ചടങ്ങിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഏഴാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കൾ. പ്രത്യേക പരിഗണന അർഹിക്കുന്ന അഞ്ചുകുട്ടികൾ ക്യാമ്പിൽ ഉണ്ടാകും. ഈ കുട്ടികളുടെ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹായത്തിനുമായി ഒരു കുട്ടിക്ക് ഒന്ന് എന്ന വിധത്തിൽ റിസോഴ്സ് അദ്ധ്യാപകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൃഷി, ആഹാരം, വീട്ടുപകരണനിർമാണം, കളിപ്പാട്ട നിർമാണം, കരവിരുത് എന്നിങ്ങനെ 5 മേഖലകളിലായാണ് ക്യാമ്പിൽ പ്രവർത്തനങ്ങൾ. ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം എന്നാണ് ക്രാഫ്റ്റ് (CRAFT)അർത്ഥമാക്കുന്നത്. ഒഴിവുസമയം ആസ്വാദ്യകരമാക്കുകയും അതിലൂടെ പുതിയ വിജ്ഞാനലോകം സ്വായത്തമാക്കലും ലക്ഷ്യമിടുന്നതാണ് ക്യാമ്പ്.
ക്യാമ്പിന്റെ ഭാഗമായി ഉണ്ടായ ഉത്പന്നങ്ങളുടെ പ്രദർശനവും സമാപനസമ്മേളനവും 29ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രൊജക്റ്റ് ഓഫീസർ, എസ്എ.സ്.കെ പി. രവീന്ദ്രൻ, ജില്ലാ പ്രോഗ്രാം ഓഫീസർ എം.എം മധുസൂദനൻ, ഹെഡ്മാസ്റ്റർ ഹരിദാസൻ, പി.ടി.എ പ്രസിഡന്റ ശശിധരൻ കൈരളി, പവിത്രൻ, ഗിരീഷ് ഹരിതം, ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |