തിരുവനന്തപുരം : കേരളത്തിന്റെ കായിക കരുത്തിന് പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താൻ കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമകേരള ഗെയിംസിന് ഇന്ന് ഉദ്ഘാടനം. 14 ജില്ലകളിൽ നിന്നുമായി 7000ത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന ഗെയിംസ് ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അദ്ധ്യക്ഷനാകും. ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തും. കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് ബോക്സർ മേരികോമിന് ധനമന്ത്രി കെ.എൻ. ബാലഗോപാലും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവും ചേർന്ന് സമ്മാനിക്കും. ടോക്യോ ഒളിംപിക്സിലെ മെഡൽ ജേതാക്കളായ പി.ആർ. ശ്രീജേഷിനെയും, രവി കുമാർ ദഹിയയേയും ബജ്റംഗ് പൂനിയയേയും ചടങ്ങിൽ ആദരിക്കും. മലയാളി ഒളിംപ്യന്മാരായ സജൻ പ്രകാശും കെ.ടി. ഇർഫാനും അലക്സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങും.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി വർണശബളായ റാലി നടക്കും. വൈകിട്ട് 4.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നാണ് റാലി ആരംഭിക്കുക. രാജ്യത്തിന്റെ അഭിമാനമായ ഒളിമ്പ്യന്മാർ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ റാലിയിൽ അണിനിരക്കും. കായികതാരങ്ങളും വിവിധ അസോസിയേഷൻ ഭാരവാഹികളും കായിക പ്രേമികളും റാലിയുടെ ഭാഗമാകും. റാലി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ്, ഒളിമ്പിക് അസോസിയേഷന് സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, ഒളിമ്പിക് അസോസിയേഷന് ട്രഷറർ എം.ആർ. രഞ്ജിത്ത്, മെഴ്സികുട്ടൻ, ഡോ. ജി. കിഷോർ, കെ.സി. ലേഖ, എസ്. സുഹാസ്, എസ്.എ.എൻ. രഘുചന്ദ്രൻ നായർ, കെ.എസ്. ബാലഗോപാൽ, എസ്.എസ്. സുധീർ, പത്മിനി തോമസ്, ഡോ വിജു ജേക്കബ്, പ്രേംകുമാർ, എം.കെ. ബിജു, ഹരികുമാർ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പിരപ്പൻകോട് സ്വിമ്മിംഗ് പൂൾ, സെൻട്രൽ സ്റ്റേഡിയം, തൈയ്ക്കാട് പോലീസ് ഗ്രൗണ്ട്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, ഐ.ആർ.സി ഇൻഡോർ സ്റ്റേഡിയം ശംഖുമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |