ലോസ്ആഞ്ചലസ് : ലോകത്തെ ഏറ്റവും വലതും അപൂർവങ്ങളിൽ അപൂർവവുമായ ബ്ലൂ ഡയമണ്ട് ' ദ ഡി ബിയേഴ്സ് കല്ലിനൻ ബ്ലൂ " ഭീമൻ തുകയ്ക്ക് ലേലത്തിൽ പോയി. 15.20 കാരറ്റ് സ്റ്റെപ് കട്ട് ഡയമണ്ടായ കല്ലിനൻ ബ്ലൂവിന് 5 കോടി 75 ലക്ഷം യു.എസ് ഡോളറാണ് ( 57,471,960 ഡോളർ ) കഴിഞ്ഞ ദിവസം ഹോങ്കോങ്ങിൽ പ്രശസ്ത ഓക്ഷൻ ഹൗസായ സോതബീസിൽ നടന്ന ലേലത്തിൽ ലഭിച്ചത്.
4 കോടി 8 ലക്ഷം ഡോളർ വരെയാണ് കല്ലിനൻ ബ്ലൂവിന് പ്രതീക്ഷിച്ചിരുന്ന തുക. ലോകത്തെ അമൂല്യമായ ഈ രത്നം സ്വന്തമാക്കിയത് ആരാണെന്ന് പുറത്തുവിട്ടിട്ടില്ല.
2021ൽ ദക്ഷിണാഫ്രിക്കയിലെ കല്ലിനൻ ഖനിയിൽ നിന്നാണ് ഈ ഡയമണ്ട് ലഭിച്ചത്.
അതേ സമയം, ഏറ്റവും കൂടുതൽ ലേല തുക ലഭിക്കുന്ന ബ്ലൂ ഡയമണ്ട് കല്ലിനൻ ബ്ലൂ അല്ല. മറിച്ച് 2016ൽ ക്രിസ്റ്റി ഓക്ഷൻ ഹൗസ് ലേലം ചെയ്ത ' ഓപ്പൻഹൈയ്മർ ബ്ലൂ " എന്ന ഡയമണ്ടിനാണ് ആ റെക്കോഡ്. 14.62 കാരറ്റ് ബ്ലൂ ഡയമണ്ടായ ഓപ്പൻഹൈയ്മർ ബ്ലൂവിന് 57,541,779 ഡോളറാണ് ലഭിച്ചത്. കല്ലിനൻ ബ്ലൂവിന് ലഭിച്ചതിനേക്കാൾ 70,000 ഡോളർ കൂടുതലാണിത്. എങ്കിലും കല്ലിനൻ ബ്ലൂവിന്റെ മൂല്യത്തെ വെല്ലാൻ മറ്റൊരു ബ്ലൂ ഡയമണ്ടിനും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |