SignIn
Kerala Kaumudi Online
Saturday, 27 April 2024 4.26 AM IST

കാലങ്ങളായി പരിചയമുള്ള ആളാണോ ഇത്? അത്രയേറെ ദേഷ്യം തോന്നിപ്പോയി: മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റോ ജോസഫ്

mammootty-anto-joseph

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുഴു നാളെ റിലീസ് ആവുകയാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള ഒരു റിവ്യൂ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് റിവ്യുവോ എന്ന് ചിന്തിക്കാൻ വരട്ടെ. മമ്മൂട്ടിയുടെ സന്തസഹചാരിയും നിർമ്മാതാവുമായ ആന്റോ ജോസഫ് ആണ് ചിത്രം കണ്ട് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കയ‌്‌ക്കും കുടുംബത്തിനുമൊപ്പം കുറച്ചുദിവസം മുമ്പാണ് താൻ സിനിമ കണ്ടതെന്ന് ആന്റോ ജോസഫ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'മമ്മൂക്കയുടെ 'പുഴു' നാളെ 'സോണി ലീവി'ലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാൻ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോൾ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാൻ തോന്നിപ്പോയി. അത്രയേറെ ദേഷ്യതോന്നി പേരുപോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന,കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനിൽ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്ന്‌കൊണ്ട് ഞാൻ തൊട്ടുമുന്നിലെ സ്‌ക്രീനിൽ കണ്ടത്.

കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ നേർക്കാഴ്ച. മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാൻ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ്. പാർവതിയാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതുമുതൽ സംവിധായകയുടെ മനസിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളിൽ പാർവതി കാണിച്ച ധൈര്യവും ആത്മാർപ്പണവും അഭിനന്ദനാർഹമാണ്. നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രൻ. ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ 'രത്തീന' എന്ന സംവിധായികയ്ക്ക് ബിഗ്സല്യൂട്ട്. ആദ്യചിത്രം കൊണ്ടുതന്നെ 'രത്തീന' സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഉണ്ട,വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹർഷാദ്,സുഹാസ്,ഷറഫു എന്നിവരാണ് തിരക്കഥ. അവർക്ക് നൂറിൽ നൂറുമാർക്ക്.

നിർമ്മാതാവും എന്റെ പ്രിയസുഹൃത്തും, സഹോദരതുല്ല്യം സ്‌നേഹിക്കുകയും ചെയ്യുന്ന എസ്.ജോർജിനും സഹനിർമാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖദാർ തുടങ്ങി എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ആലിംഗനങ്ങൾ. നിങ്ങളൊരുക്കിയത് ഒന്നാന്തരം സിനിമതന്നെയാണ്. മമ്മൂക്ക എന്ന നടൻ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കൽക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. ഇനിയും ഒരുപാട് പുതിയ സംവിധായകരെ നമുക്ക് സമ്മാനിക്കാൻ മമ്മൂക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു. 'പുഴു' വിന് എല്ലാ വിജയാശംസകളും'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANTOJOSEPH, MAMMOOTTY, PUZHU MOVIE, PARVATHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.