കുന്നംകുളം: മേഖലയിലെ രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം. ഞാർയറാഴ്ച രാത്രിയാണ് മോഷണം നടന്നത്. നാലുലക്ഷത്തോളം രൂപ മോഷണം പോയി. കുന്നംകുളം-പട്ടാമ്പി റോഡിലെ ലാവിഷ് പ്രീമിയറിന് സമീപത്തുള്ള സി.കെ. താവു പെട്രോൾ പമ്പ്, യൂണിറ്റി ആശുപത്രിക്ക് മുൻവശത്തുള്ള മാള ഫ്യൂവൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇതിൽ പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിൽ നിന്ന് നാലുലക്ഷത്തോളം രൂപ മോഷണം പോയിട്ടുണ്ട്. യൂണിറ്റി ആശുപത്രിക്ക് മുൻവശത്തെ മാള ഫ്യുവൽസിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമാണ്. കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. ജില്ലാ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പെട്രോൾ പമ്പിൽ പരിശോധന നടത്തി. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ ജില്ലാ ഫോറൻസിക് സംഘം കുന്നംകുളം-പട്ടാമ്പി റോഡിലെ ലാവിഷ് പ്രീമിയറിന് സമീപത്തുള്ള സി.കെ. താവു പെട്രോൾ പമ്പിൽ പരിശോധന നടത്തി. വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരായ കെ.എസ്. ദിനേശൻ, രാംദാസ്, ടി.ആർ. ഷെയ്ന, രാംദാസ്, കെ 9 ഡോഗ് സ്ക്വാഡ് സി.പി.ഒമാരായ എ.എസ്. സുനിൽ, സി.ആർ. അർജ്ജുൻ, എൻ.എ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുന്നംകുളം എസ്.ഐ. ഡി. ശ്രീജിത്ത്, എ.എസ്.ഐ പ്രേംജിത്ത് എന്നിവരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |