തിരുവനന്തപുരം: മൂന്നാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനായി
മൂല്യനിർണയ സമിതി രൂപീകരിക്കും.
പരീക്ഷാനിലവാരവും രീതികളും സമഗ്രമായി വിലയിരുത്തി പരിഷ്കാരം നിർദ്ദേശിക്കുകയാണ് എസ്.സി.ഇ.ആർ.ടിയുടെ കീഴിലുള്ള മൂല്യനിർണയ സമിതിയുടെ ചുമതല.
ഈ അദ്ധ്യയന വർഷം മുതൽ സമിതി നിലവിൽ വരും.ഓണപ്പരീക്ഷയ്ക്കു മുമ്പ് ചോദ്യപേപ്പറുകളുടെ നിലവാരം വിലയിരുത്തും. വരുത്തേണ്ട മാറ്റങ്ങൾ സമിതി നിർദ്ദേശിക്കും.
3,5,8,10 ക്ളാസുകളിലെ കുട്ടികളുടെ പഠന, പരീക്ഷാ ഡേറ്റകളാണ് ഇതിനായി വിശകലനം ചെയ്യുന്നത്. സ്വയംഭരണ സ്വഭാവമുള്ള സമിതിക്ക് തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുള്ള അധികാരം ഉണ്ടായിരിക്കും.
സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എന്നിവരുടെ ശുപാർശ അംഗീകരിച്ചാണ് സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടത്.
ഓൺലൈൻ പരീക്ഷാ സംവിധാനം വികസിപ്പിക്കുന്നതും വിലയിരുത്തുന്നതും സെല്ലിന്റെ ചുമതലയാണ്.
ഇത്തവണത്തെ നാഷണൽ അച്ചീവ്മെന്റ് സർവേയിൽ കേരളം ഗണിത, ശാസ്ത്ര വിഷയങ്ങളിൽ പിന്നിലാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
സി.ബി.എസ്.ഇ സിലബസ് അടിസ്ഥാനമാക്കിയുള്ള ദേശീയ സർവേയാണിത്.
സംസ്ഥാന സിലബസിന്റെ അടിസ്ഥാനത്തിൽ സർവേ നടത്തിയാൽ, യഥാർത്ഥ പഠന നിലവാരം മനസിലാക്കാനും ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കാനും കഴിയും.
# സമിതി ഘടന
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലെ രണ്ട് വിഷയ വിദഗ്ദ്ധർ വീതവും (ഒരാൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗം), സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധൻ, സൈക്കോമെട്രീഷ്യൻ, ഡേറ്റ വിശകലന വിദഗ്ദ്ധൻ, പ്രോഗ്രാം മാനേജർ എന്നിവർ ഉൾപ്പെട്ടതായിരിക്കും സമിതി.
കുട്ടികളിൽ മികച്ച രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും.ഡോ. ജയപ്രകാശ്
എസ്.സി.ഇ.ആർ.ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |