കോട്ടയം : എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന നെടുങ്ങാട് ചേംബേഴ്സ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒൻപത് കടകളിൽ പൂട്ടുപൊളിച്ച് മോഷണം. ഇന്നലെ പുലർച്ചെ പുലർച്ചെ മൂന്നരയ്ക്കാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു. രാവിലെ കടയുടമകൾ കടതുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇലക്ട്രിക് കട, ഫർണിച്ചർ കടകൾ, ബാറ്ററികട, ബാറ്ററി റിപ്പയറിംഗ് കട, വ്സ്ത്രവ്യാപാര സ്ഥാപനം, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഒരേ ലൈനിലുള്ള ഏഴ് കടകളും എതിർവശത്തുള്ള രണ്ട് കടകളിലുമാണ് സംഭവം. ഒരു കടതുറന്നെങ്കിലും അകത്ത് കയറാൻ മോഷ്ടാവിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തുനിന്നും പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. ഒൻപത് കടകളിൽ നിന്നായി ഇരുപതിനായിരം രൂപ നഷ്ടമായതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എം.സി റോഡിലെ തിരക്കേറിയ ഭാഗമായ ഇവിടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് കോംപ്ലക്സ് പ്രവർത്തിക്കുന്നത്. ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |