SignIn
Kerala Kaumudi Online
Friday, 20 September 2024 10.04 PM IST

ഇതും ഒരു സർജിക്കൽ സ്‌ട്രൈക്കാണ്, എന്തുകൊണ്ട് ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ?

Increase Font Size Decrease Font Size Print Page

draupadi-murmu

പ്രതിപക്ഷം കുറച്ച് ദിവസമായി തലകുത്തി നിന്നിട്ടും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് അനുയോജ്യനായ പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ശരത് പവാർ, ഗോപാലകൃഷ്ണ ഗാന്ധി എന്നിവർ വിസമ്മതം മൂളിയതോടെ പ്രതിപക്ഷത്തിന്റെ കണ്ണ് യശ്വന്ത് സിംഹ എന്ന പഴയ സംഘപരിവാർ പടത്തലവനിലേക്ക് എത്തുകയായിരുന്നു. മോദി വിരുദ്ധൻ എന്ന ഒരൊറ്റ ലേബൽ മാത്രമാവും ഇദ്ദേഹത്തെ പൊതു സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷത്തിനെ ഒരു പക്ഷേ പ്രേരിപ്പിച്ചത്.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ഈ തീരുമാനത്തിന്റെ തിളക്കം ഏതാനും മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളു. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച തിളക്കമുള്ള സ്ഥാനാർത്ഥിയുടെ വിവരങ്ങൾ ബി ജെ പി നേതൃത്വം പുറത്ത് വിട്ടതോടെ ചർച്ചകൾ മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ദ്രൗപതി മുർമു ഒരു പക്ഷേ നിരവധിപേർ ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ എഴുതി വച്ചിരുന്ന പേരായിരുന്നു. എന്നാൽ ഈ പേർ മാത്രം നേരത്തെ പ്രവചിക്കുവാൻ ധൈര്യപ്പെട്ടവർ കുറവായിരുന്നു. അപ്രതീക്ഷിതമായിരുന്നില്ല മുർമുവിന്റെ സ്ഥാനാർത്ഥിത്വം, അതിനാൽ തന്നെ എന്തുകൊണ്ട് ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി എന്ന ചർച്ചകളാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള മണിക്കൂറുകളിൽ കൊടുമ്പിരികൊണ്ടത്.

draupadi-murmu

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തീരുമാനമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതി മുർമുവിനെ തീരുമാനിച്ചതിലൂടെ ബി ജെ പി സ്വീകരിച്ചത്. പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാൻ തക്ക ഒരു തീരുമാനമായിട്ടാണ് രാഷ്ട്രീയ വിദഗ്ദ്ധൻമാർ ഈ നീക്കത്തെ കാണുന്നത്. ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരിയാണ് ദ്രൗപതി മുർമു. ഏറെ നാൾ സവർണ ഹിന്ദുക്കളുടെ പാർട്ടി എന്ന പേരിൽ നിന്നും ബി ജെ പി പുറത്തേക്ക് ഇറങ്ങിയത് മോദി ഡൽഹിയിൽ അധികാരം പിടിച്ചതിന് ശേഷമാണ്. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു എത്തുന്നതോടെ അത് ബി ജെ പിക്ക് വിവിധ സംസ്ഥാനങ്ങളിൽ നൽകുന്ന മൈലേജ് വളരെ വലുതാവും. ഇപ്പോഴത്തെ അവസ്ഥയിൽ ബി ജെ പിക്ക് മുർമുവിനെ രാഷ്ട്രപതി ഭവനിൽ എത്തിക്കുവാൻ അധികം കഷ്ടപ്പെടേണ്ടി വരികയില്ല.

draupadi-murmu

സർജിക്കൽ സ്‌ട്രൈക്ക്

പ്രതിപക്ഷം കുറച്ച് ദിവസമായി ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വേളയിൽ ദ്രൗപതി മുർമുവിനെ തങ്ങളുടെ സ്ഥാനാർത്ഥിയായി ബി ജെ പി പ്രഖ്യാപിക്കാതിരുന്നത് ഏറെ ബുദ്ധിപരമായ നീക്കമായിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചാൽ നേരിയ വോട്ടിന് സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കാവുന്ന സാഹചര്യം നിലിവിലുണ്ടായിരുന്നു. എന്നാൽ ഈ സാഹചര്യത്തിലും ബി ജെ പി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ തിടുക്കം കാട്ടാതിരുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അപ്പുറം ചില നേട്ടങ്ങൾ ആഗ്രഹിച്ചു തന്നെയാണ്. മുർമു വരുന്നതോടെ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാനാവും എന്ന് ബി ജെ പിക്ക് ഉറപ്പായിരുന്നു. പ്രധാനമായും നവീൻ പട്നായിക് സർക്കാരിന്റെ പിന്തുണയെങ്കിലും ഒഡീഷയുടെ മകൾക്ക് ഉറപ്പിക്കാൻ കഴിയുമായിരുന്നു. ഒഡീഷയിൽ ബിജു ജനതാദൾ (ബിജെഡി) മന്ത്രിസഭയുടെ ഭാഗമായിരുന്നു ഒരിക്കൽ ദ്രൗപതി മുർമു. നവീൻ പട്നായിക്കിന്റെ പാർട്ടിയായ ബിജെഡിയുടെ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു.

draupadi-murmu

ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനാർത്ഥിയാവുമ്പോൾ ബി ജെ പി സർജിക്കൽ സ്‌ട്രൈക്ക് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനം ജാർഖണ്ഡാണ്. യുപിഎ പങ്കാളിയായ ജാർഖണ്ഡ് മുക്തി മോർച്ച ഭരിക്കുന്ന ഗോത്രവർഗ ഭൂരിപക്ഷ സംസ്ഥാനമായ ജാർഖണ്ഡിന്റെ ആദ്യ വനിത ഗവർണറായിരുന്നു ദ്രൗപതി മുർമു എന്ന പ്രത്യേകതയും ഉണ്ട്. ഗോത്രവർഗ ഭൂരിപക്ഷ സംസ്ഥാനമായ ജാർഖണ്ഡിൽ മുർമുവിന് വോട്ട് ചെയ്യാതെ മുൻ ബി ജെ പി നേതാവിന് വോട്ട് ചെയ്യുന്ന നേതാക്കൾ ജനത്തിന് മുൻപിൽ ഉത്തരം പറയേണ്ടി വരും. ഇത് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാളയത്തെ സാരമായി ബാധിച്ചേക്കാം. ഇത് ജാർഖണ്ഡ് മുക്തി മോർച്ചയെ ഭാവിയിൽ തിരിഞ്ഞു കൊത്താൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് ഗവർണറായി ഇരുന്ന സമയത്ത് മുർമു സംസ്ഥാന സർക്കാരുമായി നല്ല ബന്ധമാണ് പുലർത്തിയത്.


ഇപ്പോഴത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിലും, 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്. ഗുജറാത്തിൽ ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ മുർമു രാഷ്ട്രപതിയാവുന്നത് ബി ജെ പിയെ സഹായിക്കും. 2011ലെ സെൻസസ് പ്രകാരം ഗുജറാത്തിൽ 14% ഗോത്രവർഗ്ഗക്കാരുണ്ട്. ഗുജറാത്തിലെ ഡാങ് പോലെയുള്ള ജില്ലകളിൽ ഗോത്രവർഗക്കാരുടെ ആധിപത്യമുണ്ട്.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം ഗോത്രവർഗ്ഗ ജനസംഖ്യ 8.6% ആയിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിലെ കണക്ക് മറ്റുള്ളവയേക്കാൾ വളരെ കൂടുതലാണ്. ഗോത്രവർഗ ജനസംഖ്യ വളരെ കൂടുതലുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഇവിടെ മുർമു ഇഫക്ട് ബി ജെ പിയെ സഹായിക്കാം. ഗോത്ര വർഗങ്ങൾക്ക് പുറമേ പട്ടികജാതി വിഭാഗങ്ങൾക്കിടയിലും പാർട്ടിക്ക് വേരോട്ടം വർദ്ധിപ്പിക്കാനാവും.

ഇന്ത്യയിലെ ആദിവാസി ജനസംഖ്യ സംസ്ഥാനങ്ങളിലൂടെ

മിസോറാം: 94.4%
നാഗാലാൻഡ്: 86.5%
മേഘാലയ: 86.1%
അരുണാചൽ: 68.8%
മണിപ്പൂർ: 35.1%
സിക്കിം: 33.8%
ത്രിപുര: 31.8%
ഛത്തീസ്ഗഡ്: 30.6%
ജാർഖണ്ഡ്: 26.2%
ഒഡീഷ: 22.8%
മധ്യപ്രദേശ്: 21.1%
ഗുജറാത്ത്: 14.8%
രാജസ്ഥാൻ: 13.5%
ജമ്മു ആൻഡ് കാശ്മീർ: 11.9%

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRAUPATI MURMU, PRESIDENT CANDIDATE, BJP, BJP CANDIDATE, BJP CM, NDA, MODI, MODI AMIT SHAH, PRESIDENT ELECTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.