കീവ് : പ്രശസ്തമായ വോഗ് മാഗസിന്റെ ഡിജിറ്റൽ കവർ സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ട് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയും പത്നി ഒലേന സെലൻസ്കയും. പ്രസിഡന്റിന്റെ ഓഫീസാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളുടെ പശ്ചാത്തലം. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആനി ലീബോവിറ്റ്സാണ് ചിത്രങ്ങൾ പകർത്തിയത്.
കീവിൽ വച്ച് തന്നെയാണ് ഇരുവരും വോഗിന് പ്രത്യേക അഭിമുഖം നൽകിയതും. വോഗിന്റെ ഒക്ടോബർ ലക്കത്തിൽ ഇരുവരുടെയും അഭിമുഖം ലഭ്യമാവും. 'ധീരതയുടെ ചിത്രം" എന്ന പേരിൽ ഒലേനയുടെ പ്രത്യേക ഡിജിറ്റൽ കവർ സ്റ്റോറി ചിത്രങ്ങളും വോഗ് പുറത്തുവിട്ടു. ഹോസ്റ്റോമലിലെ തകർന്ന ആന്റനോവ് വിമാനത്താവളത്തിൽ വനിതാ സൈനികോദ്യോഗസ്ഥർക്കൊപ്പം ഒലേന നിൽക്കുന്ന ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഫെബ്രുവരി 24 മുതൽ തുടരുന്ന റഷ്യൻ അധിനിവേശത്തിനിടെ ഇരുവരും മാഗസിന് വേണ്ടി പോസ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് ചിലരുടെ പക്ഷം. എന്നാൽ, ചിത്രങ്ങൾ യുക്രെയിന്റെ ധീരതയുടെ മുഖമാണെന്ന് മറ്റ് ചിലർ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |