തൃശൂർ: പ്രവചനങ്ങൾക്കപ്പുറം മഴപ്പെയ്ത്ത് തുടരുമ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണവും വ്യാപ്തിയും വീണ്ടും കൂട്ടണമെന്ന് ആവശ്യമുയരുന്നു. കൂടുതൽ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ (എ.ഡബ്ല്യു.എസ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) ഉണ്ടായാൽ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമെല്ലാം കണക്ക് വേഗത്തിൽ ലഭ്യമാകാനും മുൻകരുതൽ സ്വീകരിക്കാനും കഴിയും.
കാലാവസ്ഥയുമായി ബന്ധപ്പെട്ട് പ്രാദേശികമായി കൂടുതൽ വിവരം വേഗത്തിൽ ലഭ്യമാക്കാനാകും. നിലവിൽ നാല് നിരീക്ഷണ കേന്ദ്രങ്ങൾ മാത്രമാണ് ജില്ലയിലുള്ളത്. 2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സഹകരിച്ചാണ് പ്രാദേശികമായി സ്ഥാപിക്കേണ്ടത്.
കേന്ദ്രത്തിന്റെ ടവറും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നതിനടക്കം 10 ചതുരശ്രമീറ്റർ സ്ഥലം ആവശ്യമായി വരും. താപനില, ആർദ്രത, കാറ്റിന്റെ വേഗം, ദിശ, മഴയുടെ ശക്തി എന്നീ വിവരങ്ങൾ രേഖപ്പെടുത്താനാകും. 15 മിനിറ്റ് ഇടവിട്ട് താനേ വിവരങ്ങൾ പുതുക്കാനാകും. കാർഷികവിളകളുടെ ഉത്പാദനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന കാലാവസ്ഥാ ഘടകങ്ങളുടെ വ്യതിയാനം മുൻകൂട്ടി അറിയാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കുമെന്ന് പത്ത് വർഷം മുമ്പ് സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. ഒരു ബ്ളോക്കിന് രണ്ടെണ്ണം എന്ന നിലയിൽ ഇരുന്നൂറെണ്ണമെങ്കിലും തുടങ്ങാനായിരുന്നു ലക്ഷ്യം.
സ്കൈമാറ്റ് നാഷണൽ കൊളാറ്ററൽ, കാർഷിക സർവകലാശാല, ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്, കൃഷിവകുപ്പ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, തദ്ദേശ സ്ഥാപനങ്ങൾ, കുസാറ്റ്, ഐ.എസ്.ആർ.ഒ, പ്ളാന്റേഷൻ കോർപറേഷൻ എന്നീ ഏജൻസികളുടെ സഹായത്തോടെയായിരുന്നു ഇതിനുള്ള ശ്രമങ്ങളെങ്കിലും ഫലം കണ്ടില്ല.
പ്രാദേശികമായി മുന്നറിയിപ്പ് നൽകാൻ കഴിയുന്നത് വളരെ പ്രധാനമാണ്. നിലവിലുള്ള പ്രവചനങ്ങൾക്ക് അതിന് കഴിയുന്നില്ല. പ്രാദേശികതല പ്രവചനം സാദ്ധ്യമാകാൻ ഇനിയും കാത്തിരിക്കണം.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ
പുഴകളിലെ ജലനിരപ്പ്
(ഇന്നലെ വൈകിട്ട് ആറിന് )
ചാലക്കുടി പുഴ
നിലവിൽ 6.98 മീറ്റർ
മുന്നറിയിപ്പ് നില 7.1 മീറ്റർ
അപകട നില 8.1 മീറ്റർ
ഭാരതപ്പുഴ
നിലവിൽ 23.34 മീറ്റർ
മുന്നറിയിപ്പ് നില 23.5 മീറ്റർ
അപകട നില 23.94 മീറ്റർ
കുറുമാലിപ്പുഴ
നിലവിൽ 6.01 മീറ്റർ
മുന്നറിയിപ്പ് നില 4.7 മീറ്റർ
അപകട നില 5.6 മീറ്റർ
കരുവന്നൂർ പുഴ
നിലവിൽ 4.27 മീറ്റർ
മുന്നറിയിപ്പ് നില 3.7 മീറ്റർ
അപകട നില 4.66 മീറ്റർ
മണലിപ്പുഴ
നിലവിൽ 5.7 മീറ്റർ
മുന്നറിയിപ്പ് നില 5 മീറ്റർ
ഡാമുകളിലെ ജലനിരപ്പ്
(ഇന്നലെ ആറിന് )
പെരിങ്ങൽക്കുത്ത് (പരമാവധി ജലനിരപ്പ് ): 424 മീ.....(നിലവിലെ ജലനിരപ്പ്): 419.9
പീച്ചി ................................................. 79.25....................................... 78.02
ചിമ്മിനി ................................................ 76.70................................... 74.56
വാഴാനി ................................................ 62.48.................................. 56.74
മലമ്പുഴ ................................................ 115.06...................................... 112.41
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |