SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

ചാടിക്കളിക്കുന്ന ചാണക്യൻ

Increase Font Size Decrease Font Size Print Page
nithish

രാഷ്‌ട്രീയത്തിൽ സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഇല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ചാണക്യനാണ് ബീഹാർ മുഖ്യമന്ത്രിയും ഐക്യദൾ നേതാവുമായ നിതീഷ് കുമാർ (71)​. ഇരുപത് വർഷങ്ങൾക്കിടെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പാളയങ്ങൾ മാറിയും രാജിവച്ചും അല്ലാതെയും ഏഴ് തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ബീഹാറിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച ഭരണാധികാരിയുമാണ് അദ്ദേഹം. ഐക്യ ജനതാ ദൾ പാർട്ടിയുടെ അനിഷേദ്ധ്യ നേതാവുമായി.

വിദ്യാഭ്യാസത്തിൽ ഏറ്റവും പിന്നിലായിരുന്ന ബീഹാറിൽ ഒരു ലക്ഷം സ്‌കൂൾ അദ്ധ്യാപകരെയാണ് നിതീഷ് കുമാർ തന്റെ ഭരണകാലത്ത് നിയമിച്ചത്. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചതും സംസ്ഥാനത്താകെ നല്ല റോഡുകൾ നിർമ്മിച്ചതും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിച്ചതും സ്ത്രീ സാക്ഷരത ഇരട്ടിയാക്കിയതും ഗുണ്ടകളെയും കുറ്റവാളികളെയും അമ‌ർച്ച ചെയ്‌ത് ക്രമസമാധാനം പുനഃസ്ഥാപിച്ചതും ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കിയതും ചാരായം നിരോധിച്ചതും ഉൾപ്പെടെ നിതീഷ് കുമാറിന്റെ ഭരണനേട്ടങ്ങൾ നിരവധിയാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചാട്ടങ്ങൾക്കൊപ്പം ജനങ്ങൾ നിൽക്കാൻ കാരണവും. ആറ് തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ രണ്ട് തവണ കേന്ദ്ര മന്ത്രിയുമായിരുന്നു.

1951 മാർച്ച് 1ന് ബീഹാറിലെ ഭക്തിയാർപൂരിലാണ് നിതീഷ് കുമാറിന്റെ ജനനം. കർഷക സമുദായമായ കുർമി വിഭാഗക്കാരനാണ്. പിതാവ് കവിരാജ് രാം ലഖൻ ആയുർവേദ വൈദ്യനായിരുന്നു. അമ്മ പരമേശ്വരി ദേവി. 1972ൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ബീഹാർ വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായി. ഭാര്യ മഞ്ജു കുമാരി സിൻഹ 2007ൽ മരിച്ചു. ഒരു മകനുണ്ട് - നിശാന്ത് കുമാർ.

രാഷ്‌ട്രീയം

സോഷ്യലിസ്റ്റ് നേതാവായിരുന്ന റാം മനോഹർ ലോഹ്യയുടെ ശിഷ്യനാണ് നിതീഷ് കുമാർ. 1973 - 77ൽ ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. പിന്നീട് ജനതാ പാർട്ടിയിൽ ചേർന്നു.

1985ൽ ഹർനൗത്ത് നിയമസഭാ മണ്ഡലത്തിൽ കന്നി മത്സരത്തിൽ ജയിച്ചു. പിന്നീട് ഐക്യജനതാ ദൾ സ്ഥാപിച്ചു. 1996ൽ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നിതീഷ് കുമാർ 13 പാർട്ടികൾ ചേർന്ന ഐക്യമുന്നണി സർക്കാരിൽ റെയിൽവേ മന്ത്രിയായി. അതോടെ ദേശീയ നേതാവിന്റെ പരിവേഷമായി. കോൺഗ്രസ് പുറത്തുനിന്നുള്ള പിന്തുണ പിൻവലിച്ചതോടെ ഐക്യമുന്നണി സർക്കാർ തകർന്നു. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറും ഐക്യദളും ബി. ജെ. പി പാളയത്തിലേക്ക് പോയി. വാജ്പേയി സ‌ർക്കാരിൽ റെയിൽവേ മന്ത്രിയായി. ഇന്റർനെറ്റ് ടിക്കറ്റ് ബുക്കിംഗും തത്കാലും നൂറുകണക്കിന് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളും അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളാണ്.1999ൽ ബംഗാളിലെ ഗയ്സാൽ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രിസ്ഥാനം രാജിവച്ചു. അക്കൊല്ലം തന്നെ കൃഷിമന്ത്രിയായി കേന്ദ്രമന്ത്രി സഭയിൽ തിരിച്ചെത്തി. 2004ൽ വീണ്ടും ലോക്സഭാംഗമായി

2000 മാർച്ച് 3നാണ് ആദ്യം ബീഹാർ മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രി വാജ്പേയിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്. 324അംഗ നിയമസഭയിൽ എൻ. ഡി. എക്ക് 151 അംഗങ്ങളായിരുന്നു. ലാലുപ്രസാദ് യാദവിന്റെ ആർ. -ജെ. ഡിക്ക് 159 അംഗങ്ങളും ഉണ്ടായിരുന്നു. ഇരുപക്ഷത്തിനും ഭൂരിപക്ഷം ( 163 )​ ഇല്ലായിരുന്നു. സഭയിൽ ഭൂരിപക്ഷം തെളിയിക്കും മുമ്പ് മാർച്ച് 10ന് നിതീഷ് രാജിവച്ചു. തുടർന്ന് 2005 - 2010,​ 2010 - 2014 കാലയളവിലും മുഖ്യമന്ത്രിയായി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യദളിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ചു. പകരം ജിതൻ റാം മഞ്ജിയെ മുഖ്യമന്ത്രിയാക്കി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നിതീഷ് വീണ്ടും മുഖ്യമന്ത്രി പദം ഏറ്റെടുത്തു. അപ്പോഴേക്കും ബി. ജെ. പിയുമായുള്ള ബന്ധം വിട്ടിരുന്നു. ബി. ജെ. പിക്കെതിരെ നിതീഷിന്റെ ഐക്യദളും കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടുന്ന മഹാസഖ്യം വിജയം നേടി. 80 സീറ്റുമായി ആർ.ജെ.ഡി വലിയകക്ഷിയായെങ്കിലും 71 സീറ്റ് നേടിയ ഐക്യദളിന്റെ നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രിയായത്. ആ പദവിയിൽ അഞ്ചാം ടേം. ആർ. ജെ. ഡിയുടെ യുവ നേതാവും ലാലുപ്രസാദ് യാദവിന്റെ പുത്രനുമായ തേജസ്വ യാദവ് ഉപമുഖ്യമന്ത്രിയുമായി. ഇന്നലെ നിതീഷിന്റെ ഏറ്റവും പുതിയ രാഷ്‌ട്രീയ നാടകത്തിലും തേജസ്വിയാണ് സഹനടൻ.

അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ നിതീഷ് കുമാർ തേജസ്വിയുടെ രാജി ആവശ്യപ്പെട്ടു. ആ. ജെ. ഡി വിസമ്മതിച്ചതോടെ നിതീഷ് കുമാർ 2017 ജൂലായ് 26ന് രാജിവച്ചു. അതോടെ മഹാസഖ്യത്തിന്റെ കഥ കഴിഞ്ഞു. പ്രതിപക്ഷമായ എൻ. ഡി. എ പാളയത്തിലേക്ക് കാലുമാറിയ നിതീഷ് മണിക്കൂറുകൾക്കുള്ളിൽ ആറാംതവണയും മുഖ്യമന്ത്രിയായി.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ. ഡി. എയുടെ ഭാഗമായി മത്സരിച്ച് ജയിച്ചാണ് നിതീഷ് ഏഴാം തവണയും മുഖ്യമന്ത്രിയായത്. രണ്ട് വർഷം ആയപ്പോഴേക്കും നിതീഷ് പുതിയ മേച്ചിൽപ്പുറം തേടി എൻ. ഡി. എ ഉപേക്ഷിച്ച് തേജസ്വിയാദവുമായി കൈകോർത്തിരിക്കയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NITHISH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.