പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹർഘർ തിരംഗ പ്രചരണത്തിന് ജില്ലയിൽ തുടക്കം. വീടുകളിലും പൊതുസ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി.
വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.
സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ മുഖേന ഒന്നര ലക്ഷം പതാകകളാണ് ജില്ലാ കുടുംബശ്രീ മിഷൻ വിതരണം ചെയ്തത്. ഇതിനു പുറമേ ഖാദി ഷോറൂമുകളും മെയിൻ പോസ്റ്റോഫീസുകൾ മുഖേന തപാൽ വകുപ്പും ദേശീയ പതാകകൾ വിതരണം ചെയ്തു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ ഓഫീസിനു കീഴിലെ തൊഴിലാളികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി.
വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ പത്തനംതിട്ടയിൽ നിർവഹിച്ചു. പി.എം.എ.വൈ ഗുണഭോക്താവായ ചിറ്റൂർ പാറയിൽ പുരയിടം മോഹനകുമാരിയുടെ ഭവനത്തിലാണ് ജില്ലാ കളക്ടർ പതാക ഉയർത്തിയത്.
പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ, നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ എലിസബത്ത് ജി.കൊച്ചിൽ, പി.ആർ.അനുപ, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ അശ്വതി വി.നായർ, ധനേഷ് എം. പണിക്കർ, സി.ഡി.എസ് അംഗങ്ങളായ ഷീജ ജമാൽ, ഷിബി വിജയൻ, എ.ഡി.എസ് അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പൂഴിക്കാട് ശ്രീധർമ്മശാസ്താ
ക്ഷേത്രത്തിൽ പതാക ഉയർത്തി
പന്തളം : 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവസ്വം പ്രസിഡന്റ് ആർ.മോഹൻകുമാർ പതാക ഉയർത്തി. ദേവസ്വം ഭാരവാഹികളായ സോമശേഖരപണിക്കർ, സദാശിവൻപിള്ള, കെ.വിനോദ് കുമാർ, ബിജു കാർത്തിക, ടി.അനിൽ , എം.കെ.കാർത്തികേയക്കുറുപ്പ്, ശ്രീജിത്ത്.വി എസ്, മധു.ബി, ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ നായർ, പങ്കജാക്ഷൻപിള്ള, സോമൻപിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |