SignIn
Kerala Kaumudi Online
Thursday, 19 September 2024 6.06 PM IST

മുർമു നൽകുന്ന സന്ദേശം, മാധവൻ ബി. നായർ

Increase Font Size Decrease Font Size Print Page
madhavan-b-nair

ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവേളയിൽ 135 കോടി ജനതയുടെ ഭരണനേതൃത്വത്തിൽ ദ്രൗപതി മുർമു എത്തുമ്പോൾ ഭാരതം മറ്റൊരു ചരിത്രമാണ് രചിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം 75 വർഷം വേണ്ടിവന്നു ഗോത്രവർഗ്ഗത്തിൽ നിന്ന് ഒരു വ്യക്തി രാഷ്ട്രപതിയായി അവരോധിക്കപ്പെടാൻ. പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സ്ഥാനമേറ്റതോടെ ഇന്ത്യയുടെ മേൽ എന്നും ശാപമായി തുടർന്നിരുന്ന ജാതിക്കോട്ടകൾക്ക് വിള്ളൽ സംഭവിച്ചിരിക്കുകയാണ്. മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരതയുടെ സൗന്ദര്യം കൂടിയാണ് ഈ സ്ഥാനാരോഹണം വെളിവാക്കപ്പെടുന്നത്.
തീയിൽ കുരുത്ത ദ്രൗപതി ഒട്ടേറെ പോരാട്ടങ്ങളിലൂടെ കടന്നുവന്ന വനിതയാണ്. അവർ ഉൾപ്പെടുന്ന സന്താൾ ഗോത്രത്തിനും പോരാട്ടങ്ങളുടെ കഥകളാണ് പറയാനുള്ളത്. കൊളോണിയൽ ഭരണകൂടം സ്ഥാപിച്ച നികുതി സമ്പ്രദായത്തിനും ജന്മി ചൂഷണത്തിനുമെതിരെ 1856 ൽ സന്താൾ ഗോത്രം നയിച്ച വിപ്ലവം സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സംഭവമാണ്. അമ്പും വില്ലുമായി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ പതിനയ്യായിരത്തിലേറെ സന്താൾ പോരാളികളാണ് ആ വിപ്ലവത്തിൽ വെടിയേറ്റുമരിച്ചത്. ആ പരമ്പരയിലെ കണ്ണിയാണ് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള ദ്രൗപദി മുർമുവും.
മുർമുവിന്റെ വ്യക്തിജീവിതവും സാമൂഹ്യജീവിതവും ഒരുപോലെ വെല്ലുവിളികൾ നിറഞ്ഞതും അതിജീവനത്തിന്റേതുമാണെന്ന് അവർ പിന്നിട്ടകാലം വ്യക്തമാക്കുന്നു. മയൂർഭഞ്ചിലെ ഉപർബേദ ഗ്രാമമുഖ്യൻ നാരായൺ ടുഡുവിന്റെ മൂന്നുമക്കളിൽ മൂത്തയാളായ ദ്രൗപതി ഒട്ടേറെ കടമ്പകൾ കടന്നാണ് ഭുവനേശ്വറിൽ തുടർ പഠനത്തിനെത്തി ബിരുദം നേടുന്നത്. ഗ്രാമത്തിന്റെ ആദ്യഗോത്രവർഗ വനിതാബിരുദധാരികളിൽ ഒരാളായ മുർമുവിന് ക്ലർക്കായി സർക്കാർ ഉദ്യോഗം ലഭിച്ചെങ്കിലും സർക്കാർ ജോലിയുടെ സുരക്ഷ കളഞ്ഞ് അവർ അരബിന്ദോ സ്‌കൂളിൽ അധ്യാപികയായി ചേർന്ന് സാമൂഹ്യസേവനരംഗം തെരഞ്ഞെടുക്കുകയായിരുന്നു. 1997 ൽ രാഷ്ട്രീയരംഗത്തേക്കിറങ്ങിയ ദ്രൗപതി 2000 ൽ റായ്റംഗ് പുരിൽ നിന്ന് മത്സരിച്ച് എംഎൽഎയായി. 2004 ലും അവർ മത്സരിച്ചു ജയിച്ചു. 2007 ൽ മികച്ച എംഎൽഎയ്ക്കുള്ള പുരസ്‌കാരവും നേടി. അവർ മന്ത്രിയായപ്പോഴും ആ രംഗത്ത് ശോഭിക്കുകയും ഒട്ടേറെ ജനക്ഷേമപദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി മാതൃകയാവുകയുമായിരുന്നു. പിന്നീട് ജാർഖണ്ഡ് ഗവർണറായപ്പോഴാണ് ആ പദവി വെറും റബ്ബർ സ്റ്റാമ്പ് പണിയല്ല എന്നവർ തെളിയിക്കുന്നത്. 2016 ജാർഖണ്ഡിൽ രണ്ട് ദശാബ്ദം പഴക്കമുള്ള രണ്ട് ഭൂനിയമങ്ങൾ പൊളിച്ചെഴുതാൻ സംസ്ഥാനം ഭരിച്ച സർക്കാർ തീരുമാനിച്ചു. ഈ പൊളിച്ചെഴുത്ത് ചോതംഗ്പ്പൂർ, സന്താൾ വിഭാഗക്കാരുടെ കുടിയായ്മ അവകാശ നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു. വ്യാവസായിക ആവശ്യത്തിനുവേണ്ടി ഭൂമി കൈമാറ്റം എളുപ്പത്തിലാക്കുകയായിരുന്നു ഈ നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യം വച്ചത്. തങ്ങളുടെ മണ്ണും കൃഷിയും നഷ്ടപ്പെടുമെന്ന് കണ്ട ആദിവാസി ഗോത്രവിഭാഗക്കാരുടെ 200 പ്രതിനിധികൾ ഗവർണറായ ദ്രൗപദി മുർമുവിനെ പോയി കണ്ടു. ഗോത്രവർഗ്ഗക്കാരുടെ ആശങ്ക മനസിലാക്കിയ ദ്രൗപതി മുർമു നിയമഭേദഗതി ഒപ്പിടാതെ തിരിച്ചയച്ചു. ഈ നിയമഭേദഗതി ഗോത്രവർഗ്ഗക്കാർക്ക് എങ്ങനെ നേട്ടമാകുമെന്ന് വിശദീകരിക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവാനന്തരം ഗോത്രവർഗ്ഗക്കാർക്ക് അവരുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക ഒഴിയുകയും ചെയ്തു. ഗവർണറുടെ സേരയിലിരുന്ന ദ്രൗപതി മുർമുവിന്റെ ധൈര്യവും അവസരോചിതമായ ഇടപെടലുമാണ് അന്ന് നൂറുകണക്കിന് ഗോത്രവർഗ്ഗക്കാർ വഴിയാധാരമാകാതിരിക്കാൻ കാരണമായത്. ദ്രൗപതി മുർമുവിന് ഇതിനിടയിൽ വ്യക്തി ജീവിതത്തിലും ഒട്ടേറെ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. യുവാക്കളായ രണ്ട് ആൺമക്കളുടെ അകാലമരണം , ഭർത്താവിന്റെ മരണം എല്ലാം അവർ സമചിത്തതയോടെ ഉൾക്കൊള്ളുകയും സഹിക്കുകയുമായിരുന്നു. സാമൂഹികവും ജാതീയവുമായ വിവേചനങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് ആ വേലിക്കെട്ടുകളെ തകർത്താണ് ദ്രൗപതി മുർമു രാഷ്ട്രപതി സേരയിൽ എത്തപ്പെട്ടിരിക്കുന്നത്.
ഈ ആരോഹണം മഹാത്മാഗാന്ധിയുടെ ഒരു സ്വപ്നത്തിന്റെ സാഫല്യം കൂടിയാണ്. അതിദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രതിനിധികൾ രാജ്യത്തിന്റെ പരമോന്നത പദവിയിൽ എത്തണമെന്ന ഗാന്ധിജിയുടെ അഭിലാഷം മുർമുവിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ദ്രൗപതി മുർമു രാജ്യത്തിന്റെ പ്രഥമവനിതയായതോടെ സാമ്പത്തികമായും സാമൂഹികമായും അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് ആത്മവിശ്വാസം വർദ്ധിച്ചിരിക്കുകയാണ്. രാഷ്ട്ര നിർമ്മാണത്തിൽ എല്ലാ വിഭാഗവും ഒത്തൊരുമയോടെ ഭാഗഭാക്കാകുമ്പോൾ അത് രാജ്യത്തിന്റെ ഭാവിയെ കൂടുതൽ ശോഭനമാക്കും.

പ്രസിഡന്റ് എന്ന നിലയിൽ അവർക്ക് ഈ ദിശയിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയും. ഒരു വനിത എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും മുർമുവിന് വനിത ശിശുക്ഷേമരംഗത്ത് ഒട്ടേറെ പരിവർത്തനങ്ങൾ സാധ്യമാക്കാൻ കഴിയുമെന്ന കാര്യത്തിലും സംശയമില്ല. രാജ്യം ഒട്ടെറെ വെല്ലുവിളികൾ ആഭ്യന്തരമായും വൈദേശികമായും നേരിടുന്നൊരു കാലത്താണ് ദ്രൗപതി മുർമു അധികാരത്തിലെത്തിയിരിക്കുന്നത്. കലുഷിതമായ അന്തരീക്ഷത്തെ സമഭാവനയോടെ ശാന്തമാക്കാനും വിദേശരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വരും നാളുകളിൽ ദ്രൗപതി മുർമുവിന്റെ അനുഭവങ്ങൾ വഴിതെളിക്കട്ടേയെന്ന് പ്രത്യാശിക്കാം.
(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, AMERICA, MADHAVAN B NAIR, MURMU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.