SignIn
Kerala Kaumudi Online
Saturday, 21 September 2024 8.05 AM IST

പത്തേമാരികളുടെ പഴയ പൊന്നാനിക്കാലം

Increase Font Size Decrease Font Size Print Page
vvvvvvvv
പത്തേമാരികളിലും കപ്പലുകളിലുമെത്തിയിരുന്ന ചരക്കുകൾ സൂക്ഷിച്ചിരുന്ന ഗുദാമുകൾ വേര് പടർന്ന നിലയിൽ

പൊന്നാനി: 1970കളുടെ അവസാനം വരെ നൂറിലേറെ പത്തേമാരികൾ പൊന്നാനി തുറമുഖത്തുണ്ടായിരുന്നു. തീരദേശത്തെ മുഴുവൻ കുടുംബങ്ങളിലെ ആണുങ്ങളും പത്തേമാരിയിലെ ജോലിക്കാരായിരുന്നു. പത്തേമാരിയുടെ മേധാവിയെ സ്രാങ്കെന്നും ജോലിക്കാരെ ഖലാസികളെന്നുമാണ് വിളിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാൻ പണ്ടാരികളുമുണ്ടാകും. 10 മുതൽ 15 വരെ ആളുകളാണ് പത്തേമാരിയിലുണ്ടാവുക. 300 മുതൽ 500 ടൺ വരെ ചരക്കുകൾ കയറ്റാവുന്ന തരത്തിലുള്ളവയായിരുന്നു പത്തേമാരികൾ.

പൊന്നാനിയായിരുന്നു പത്തേമാരി നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രം. അറബികളിൽ നിന്നാണ് പത്തേമാരികളുടെ രൂപകൽപ്പന കേരളതീരത്തുളളവർ പഠിച്ചത്. 30 അടിവരെ ഉയരവും അത്ര തന്നെ നീളവും 15 അടിയോളം വീതിയുമുളളതായിരുന്നു സാധാരണ പത്തേമാരികൾ. പൊന്നാനിപ്പുഴയ്ക്ക് അക്കാലത്തുണ്ടായിരുന്ന ആഴവും വീതിയുമാണ് പത്തേമാരികൾക്ക് അനുകൂല സാഹചര്യമൊരുക്കിയത്. പുഴയുടെ ആഴം തീരത്തേക്ക് കൂടുതലായി അടുപ്പിക്കാൻ സഹായകമായിരുന്നു. മത്സ്യം, മരത്തടികൾ, കയർ, കൊപ്ര, ഓട്, മരച്ചീനി തുടങ്ങിയവയായിരുന്നു പത്തേമാരി വഴി പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. ഗോതമ്പ്, ഉപ്പ്, ശർക്കര തുടങ്ങിയവയായിരുന്നു ഇറക്കുമതി ചെയ്തിരുന്നവ. ആനമല, മണ്ണാർക്കാട് തുടങ്ങിയ വനപ്രദേശങ്ങളിൽ നിന്ന് വർഷക്കാലത്ത് ഭാരതപ്പുഴയിലൂടെ മരങ്ങൾ തൊരപ്പ് കെട്ടി പൊന്നാനിയിലെത്തിക്കുകയും മരം ഈർന്ന് വിവിധ ആകൃതികളിലാക്കി പത്തേമാരി വഴി മംഗലാപുരം, ബോംബെ എന്നിവിടങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു. ആവിയന്ത്രങ്ങളും ഡീസൽ എൻജിനും കണ്ടുപിടിക്കുന്നതുവരെ ത്രികോണാകൃതിയുളള പായ കെട്ടി കാറ്റിന്റെ ഗതിക്കനുസരിച്ചായിരുന്നു സഞ്ചാരം. യാമങ്ങൾക്കനുസരിച്ച് കാറ്റിന്റെ ഗതി അറിയാൻ കഴിവുളളവരാണ് സ്രാങ്കുമാരിലേറെയും. പ്രതികൂല കാലാവസ്ഥകളിൽ കടലിലെ മലനിരകളിലേക്ക് സഞ്ചാരം വഴിമാറ്റിയാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. വിവരസാങ്കേതിക സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് കടലിന്റെ അടിത്തട്ടിലെ ഘടന കൃത്യമായി മനസ്സിലാക്കാൻ പത്തേമാരി തൊഴിലാളികൾക്ക് സാധിച്ചിരുന്നു. ശ്രമകരം യന്ത്രങ്ങൾക്ക് പകരം പത്തിൽ താഴെ തൊഴിലാളികളുടെ നിരന്തര പരിശ്രമമാണ് പത്തേമാരികളെ ചലിപ്പിച്ചിരുന്നത്. മുപ്പതടി ഉയരമുളള കൊടിമരത്തിൽ സ്ഥാപിച്ച കൂറ്റൻ പായ കാറ്റിനനുസരിച്ച് തിരിച്ചും മറിച്ചും കെട്ടൽ ശ്രമകരമായ ജോലിയായിരുന്നു. കാറ്റിന്റെ ശക്തിയെ മുറിച്ചുമാറ്റിയാണ് പായ എതിർദിശയിലേക്ക് മാറ്റി കെട്ടേണ്ടിയിരുന്നത്. ഈ സമയത്ത് അപകടം പതിവായിരുന്നു. കൊടിമരത്തിൽ നിന്ന് കടലിലേക്ക് തെറിച്ച് വീണ് മരിച്ചവർ നിരവധിയാണ്. ഒഴുക്കിനെ വകഞ്ഞുമാറ്റി സഞ്ചരിക്കുന്നതിനാൽ പത്തേമാരിയിലേക്ക് ഇടതടവില്ലാതെ വെളളം അടിച്ചുകയറും. ഇത് കോരിക്കളയാൻ ആറുപേർ വിശ്രമമില്ലാതെ പണിയെടുക്കും. പായക്കപ്പൽ നിർമ്മാണ രംഗത്തെ മികവും കടൽയാത്രയിലെ മനോധൈര്യവുമായിരുന്നു പത്തേമാരി വ്യവസായത്തെ പൊന്നാനിയിൽ സജീവമായി നിലനിറുത്തിയത്. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ചരക്കുനീക്കം നടത്തിയിരുന്ന പത്തേമാരികളിൽ പൊന്നാനിയിൽ നിന്നുളള നിരവധി ജോലിക്കാരുണ്ടായിരുന്നു. സമുദ്രമാർഗ്ഗമുളള ചരക്കുനീക്കത്തിന് അനുയോജ്യമായ പ്രദേശങ്ങളെന്ന നിലയിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വ്യാപാരികളും പോർച്ചുഗ്രീസ്, ബ്രിട്ടീഷ് അധിനിവേശ ശക്തികളും പൊന്നാനിയെ വ്യാപാര താവളമാക്കിയത്. അപകടയാത്ര പൊന്നാനി തുറമുഖത്തുനിന്ന് ബോംബേയിലേക്ക് പോയിരുന്ന ബഹർ നജാത്ത് പത്തേമാരിയുടെ സ്രാങ്ക് പരേതനായ അഴീക്കൽ സ്വദേശി കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് കാദർ പങ്കുവെച്ചൊരു യാത്രാനുഭവമുണ്ട്. 1967ലെ യാത്രയായിരുന്നു അത്. പൊന്നാനിയിൽ നിന്ന് മുന്നൂറ് ടൺ ചരക്കുമായി പുറപ്പെട്ട ബഹർ നജാത്ത് നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം മാഹിക്കടുത്തെത്തിപ്പോഴായിരുന്നു പത്തേമാരിയെ അടിമേൽ മറിച്ചുകൊണ്ടുളള കാറ്റും കോളും കടലിൽ രൂപപ്പെട്ടത്. ആകാശമാകെ നീലിമ മാഞ്ഞ് കറുത്തിരുണ്ടു. കാതടപ്പിക്കുന്ന തരത്തിലായിരുന്നു തിരയിളക്കം. കടൽ ഒരേ സമയം ഉൾവലിയുകയും ഉയർന്ന് പൊങ്ങുകയും ചെയ്തു. പടിഞ്ഞാറുനിന്ന് വീശിയടിച്ച കാറ്റ് പത്തേമാരിയെ നിയന്ത്രണമില്ലാതെ ഉലച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പത്തേമാരിയിലുണ്ടായിരുന്നവർ. കണ്ണെത്താ ദൂരത്തുണ്ടായിരുന്ന പത്തേമാരികൾ തകർന്നടിഞ്ഞ് കടലിലേക്ക് താഴുന്നത് നെഞ്ചിടിപ്പോടെ കണ്ടു നിൽക്കേണ്ടി വന്നു. കാറ്റിന് നേരിയ ശമനമാപ്പോൾ രണ്ടും കൽപ്പിച്ച് യാത്ര തുടർന്നു. കാർവാറിലെത്തിപ്പോൾ പത്തേമാരികളുടെയും ഉരുകളുടെയും അവശിഷ്ടങ്ങൾ കണ്ടു. മൃതദേഹങ്ങൾ കടലിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു. 26 ദിവസത്തിനുശേഷം ബോംബെ തുറമുഖത്തെത്തിപ്പോഴാണ് കടലിലുണ്ടായിരുന്ന മഹാദുരന്തത്തിന്റെ വ്യാപ്തി അറിയാനായത്. പൊന്നാനിയിൽ നിന്ന് ഇവർക്കൊപ്പം പുറപ്പെട്ട വിജയമാല, ദുൽദുൽ അടക്കം നിരവധി പത്തേമാരികളും ഉരുകളുമാണ് കടലിൽ മുങ്ങിയത്. പൊന്നാനിയിൽ നിന്നുളള പത്തേമാരികളിലെ മുഴുവൻ തൊഴിലാളികളും അന്നത്തെ ദുരന്തത്തിൽ മരിച്ചു. വിവിധ കാലങ്ങളിലായി പൊന്നാനിയിൽ നിന്നുളള അഞ്ഞൂറോളം പത്തേമാരി തൊഴിലാളികൾ കടൽ ദുരന്തങ്ങളിൽ മരിച്ചതായി പറയപ്പെടുന്നു. തീരദേശവാസികൾ മുഖ്യ ഉപജീവനമാർഗ്ഗമായി പത്തേമാരിയെ കണക്കാക്കിയിരുന്നതിനാൽ ദുരന്തങ്ങളും ദുരിതങ്ങളും അവർ വകവച്ചില്ല. (തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, PONNANI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.