കണ്ണൂർ: മാഹിയിൽ നിന്ന് നികുതി വെട്ടിച്ചു കടത്തി കൊണ്ടുവന്ന് പൊലീസ് പിടിച്ചെടുത്ത ഡീസൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ വിലയ്ക്കു വാങ്ങി. 11,950 ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. കടത്തിക്കൊണ്ടുവന്ന ഡീസൽ സർക്കാർ കണ്ടുകെട്ടുകയും വിൽപനക്കായി ടെണ്ടർ ക്ഷണിക്കുകയുമായിരുന്നു.
രണ്ടാഴ്ചമുമ്പ് 7,87,700 രൂപയ്ക്കാണ് കെ.എസ്.ആർ.ടി.സി ടെൻഡർ വിളിച്ചത്. ഇതിന് കളക്ടർ എസ്. ചന്ദ്രശേഖർ അനുമതി നൽകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ 11,950 ലിറ്റർ ഡീസൽ എ.ആർ ക്യാമ്പിൽ നിന്നും കണ്ണൂർ ഡിപ്പോയിലുള്ള പമ്പിലേക്ക് എത്തിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി എടക്കാടുള്ള സ്വകാര്യ പമ്പിൽ നിന്നാണ് കണ്ണൂർ ഡിപ്പോയിലേക്ക് ഇന്ധനം എത്തിക്കുന്നത്.
രണ്ട് മാസം മുൻപാണ് തലശ്ശേരി കോടിയേരിയിൽ നിന്ന് നികുതിവെട്ടിച്ച് കടത്തുകയായിരുന്ന ഡീസൽ പൊലീസ് പിടിച്ചെടുത്തത്. മാഹിയിലെ മൂലക്കടവ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് മറിച്ചുവിൽക്കുന്നതിനായി എറണാകുളത്തേയ്ക്ക് കൊണ്ടുപോയ 12,000 ലിറ്റർ ഡീസലാണ് കോടിയേരിയിൽ വച്ച് പിടിച്ചെടുത്തത്. പന്തക്കൽ പെട്രോൾ പമ്പിൽ നിന്ന് കടത്തിയ ഡീസൽ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ അടക്കം അറസ്റ്റിലായതോടെ ഡീസൽ ടാങ്കറടക്കം എ.ആർ ക്യാമ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |