SignIn
Kerala Kaumudi Online
Saturday, 21 September 2024 1.53 AM IST

കൈ കൊടുക്കുന്നത്  അഞ്ച് കാരണങ്ങളാൽ,  നേതാക്കൾ മടിക്കുമ്പോൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്  തരൂരിന്  പരസ്യപിന്തുണയുമായി ശബരീനാഥൻ

Increase Font Size Decrease Font Size Print Page
sabarinathan-

കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മലയാളിയും തിരുവനന്തപുരം എം പിയുമായ ശശി തരൂർ തുടക്കം മുതൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഇന്നദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ശശി തരൂരിനോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ല അദ്ദേഹമെന്നതാണ് ഈ നിലപാടിന് പിന്നിൽ.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് പരസ്യപിന്തുണയുമായി ശബരീനാഥൻ രംഗത്തെത്തി. തരൂരിന്റെ നോമിനേഷൻ ഫോമിൽ പിന്തുണച്ച് ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി താൻ കാണുന്നതായും ശബരി വ്യക്തമാക്കി. തരൂരിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശബരി വെളിപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജനാധിപത്യ മാർഗത്തിലൂടെ കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാർഹമാണ്.പാർട്ടിയുടെ തലപ്പത്തേക്ക് നെഹ്റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നൽകുന്നു. പുതിയ പാർട്ടി അധ്യക്ഷൻ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ പാർട്ടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം.

ഇനി ഇലക്ഷനിലേക്ക് വരുമ്പോൾ, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ: ശശി തരൂരിനെ പിന്തുണക്കാൻ ഞാൻ തീരുമാനിക്കുന്നത് ചില കാരണങ്ങൾ കൊണ്ടാണ്

1. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം ആണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോൺഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം communicate ചെയ്യാൻ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.

2. നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വർഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദൽ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളെ കോർത്തിണക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

3. ലോകത്തിൽ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങൾ ഉൾക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈ മാറ്റങ്ങൾ പാർട്ടി കൂടുതൽ ഉൾകൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തിൽ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും.

4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ ഒരിക്കലും അദ്ദേഹം പാർട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാൽ പാർട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്നങ്ങൾ നേരിട്ടപ്പോഴും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോൺഗ്രസ് കാരനാണ്.

5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദേഹം കൂട്ടായ പരിശ്രമത്തിൽ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ മുഴുവൻ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവർത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളർത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവർക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.

ശ്രീ ചേറ്റൂർ ശങ്കരൻ നായർ എന്ന മലയാളി പാർട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോൾ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവർത്തകന് ഒരു മലയാളിയുടെ നോമിനേഷൻ ഫോമിൽ പിന്തുണച്ചു ഒപ്പിടാൻ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാൻ കരുതുന്നു.

ഇലക്ഷന്റെ ജയപരാജയങ്ങൾക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടിൽ വരെ കൊണ്ടുവരുവാൻ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാർട്ടിക്ക് ഒരു മുതൽക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നൽകും.
ശ്രീ തരൂരിനും മറ്റു സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷൻ നടക്കട്ടെ...
ശബരി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMLA, SASI TAROOR, CONGRESS, INC, INC PRESIDENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.