SignIn
Kerala Kaumudi Online
Friday, 02 December 2022 2.13 AM IST

5ജി: രണ്ടര മണിക്കൂറുള‌ള സിനിമ ആറ് സെക്കന്റിൽ ഡൗൺലോഡ് ആവും

5g

മുംബയ്: രാജ്യത്തെ 5ജി സേവനങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കെ 4ജിയെക്കാൾ പത്തിരട്ടി നെറ്റ്‌വർക്ക് വേഗതയിലേക്ക് നാട് എത്തുമെന്നതിൽ സന്തോഷിക്കാം. ഓൺലൈനിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന വേഗക്കുറവും തളർത്തുന്ന നെറ്റ്‌വർക്ക് തകരാറും ഇനി ഓർമ്മയാകും. അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് ആയിരിക്കും മൊബൈലിൽ ഉൾപ്പെടെ ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നീ മഹാനഗരങ്ങളടക്കം 13 നഗരങ്ങളിൽ മാത്രമാണ് 5ജി സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭിക്കുക. അടുത്ത വർഷത്തോടെ ഇന്ത്യയൊട്ടാകെ ഇത് ലഭ്യമാകും.

വേഗവും ശേഷിയും കൂടിയ റേഡിയോ തരംഗമാണ് 5ജി. ശേഷി കൂടുതലായതിനാൽ കൂടുതൽ ഡേറ്റ വഹിക്കാൻ 5ജിയ്‌ക്കാകും. ഇതോടെ ഡേറ്റ വേഗം വർദ്ധിക്കും. ഗുണം മൊബൈലോ, കംപ്യൂട്ടറോ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ഇത് പ്രതിഫലിക്കും.

5ജി ആദ്യഘട്ടത്തിൽ ലഭ്യമാകുന്ന 13 സിറ്റികൾ.

അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗർ, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്‌നൗ, മുംബയ്, പൂന

പ്രധാനമന്ത്രിയുടെ വാക്കുകൾ

'രാജ്യം പുതുയുഗത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. അനന്തമായ അവസരങ്ങളുടെ തുടക്കവുമാണ്. ചരിത്രത്തിന്റെ താളുകളിൽ കൊത്തിവയ്ക്കുന്ന ചടങ്ങാണിത്. 130 കോടി ഇന്ത്യക്കാർക്ക് ടെലികോം വകുപ്പിൽ നിന്ന് ലഭിക്കുന്ന സമ്മാനമാണ് 5ജി.'

5ജി: ആദ്യം ആര്!

അതിവേഗ ഇന്റർനെറ്റ് സാങ്കേതികവിദ്യ ലോകത്ത് ആദ്യമായി അവതരിപ്പിച്ചത് ആരെന്നത് ഇപ്പോഴും തർക്കമായി തുടരുകയാണ്. 2019 ഏപ്രിലിൽ ദക്ഷിണകൊറിയയാണ് ആദ്യമായി ഉപഭോക്താക്കളിൽ 5ജി സേവനം എത്തിച്ചതെന്ന് അവകാശപ്പെടുന്നു. എന്നാൽ, അമേരിക്കയുടെ ടെലികോം വിഭാഗമായ എ.ടി ആൻഡ് ടി ഇത് നിഷേധിക്കുന്നു. ഡിസംബറിൽ തന്നെ 5ജി സേവനം പ്രഖ്യാപിച്ചിരുന്നുവെന്നാണ് എ.ടി ആൻഡ് ടിയുടെ വാദം. എന്നാൽ, 5ജി നേരിട്ട് മൊബൈൽ ഫോണുകളിൽ നൽകാൻ അവർക്കായില്ല. പകരം ഹോട്ട് സ്പോട്ട് ഉപകരണം വഴി ഉപഭോക്താക്കൾക്ക് നൽകുകയായിരുന്നു എന്നാണ് എതിർവാദം. വെരിസോണാണ് ആദ്യമായി സേവനം ലഭ്യമാക്കിയതെന്നും അവകാശപ്പെടുന്നുണ്ട്.

മൂന്ന് വർഷം; 70 രാജ്യങ്ങൾ

2019ൽ 5ജി സാങ്കേതികത അവതരിപ്പിച്ച ശേഷം ഇതുവരെ 70ലേറെ രാജ്യങ്ങളിൽ സേവനം ലഭിക്കുന്നുണ്ടെന്ന് ഗ്ളോബൽ മൊബൈൽ സപ്ളയേഴ്സ് അസോസിയേഷൻ (ജി.എസ്.എ)

പറയുന്നു. 2025ഓടെ 360 കോടി പേർക്ക് 5ജി സേവനം നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. 2027 ആകുമ്പോഴേക്കും 440 കോടി പേർക്ക് സേവനം ലഭ്യമാകും. ചൈനയിലും അമേരിക്കയിലുമുള്ള നഗരങ്ങളിലാണ് കൂടുതലും 5ജി സേവനം ലഭിക്കുന്നത്. ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ ഡേറ്റ ഡൗൺലോഡ് സ്പീഡ് ലഭിക്കുന്നത്. 400 എം.ബി.പി.എസ് വേഗം. പിറകെയുള്ളത് മലേഷ്യയും (382.2 എം.ബി.പി.എസ്) സ്വീഡനുമാണ് (333.9 എം.ബി.പി.എസ്). മലഷ്യയ്ക്കാണ് ഏറ്റവും കൂടുതൽ അപ്‌ലോഡ് വേഗമുള്ളത്. (50.3 എം.ബി.പി.എസ്.)

നിരക്കുകൾ എങ്ങനെ‌?

ഇന്ത്യയിൽ 5ജി സേവനത്തിന്റെ നിരക്ക് നിശ്ചയിച്ചിട്ടില്ല. എങ്കിലും മറ്റു രാജ്യങ്ങളിലേക്കാൾ ഇന്ത്യയിൽ നിരക്ക് കുറവായിരിക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്ന സൂചന. ശരാശരി 25 ഡോളറാണ് (1900 രൂപ) മറ്റു രാജ്യങ്ങളിൽ ഇൗടാക്കുന്നത്.

5ജി ഫോണുകളും സിമ്മുകളും

5ജി സാങ്കേതിത വിദ്യ ഇന്ത്യയിൽ തുടക്കം കുറിച്ചത് ഇന്നലെയാണെങ്കിലും 5ജി ഫോണുകൾ കഴിഞ്ഞ വർഷം മുതൽ തന്നെ രാജ്യത്ത് അവതരിപ്പിച്ച് തുടങ്ങിയിരുന്നു. സമീപകാലത്ത് കമ്പനികൾ 5ജി ഫോണുകൾ മത്സരിച്ച് ഇറക്കയതോടെ 4ജിയുടെ അതേ വിലയ്ക്ക് ഇന്ന് 5ജി ലഭ്യമാകും. എന്നാൽ 5ജി സിം ഇറങ്ങാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം. ഡിസംബറോട് ഇന്ത്യയിൽ 5ജി സിം അവതരിപ്പിക്കുമെന്നാണ് റിലയിൻസ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

ലേറ്റൻസിയിലെ വ്യത്യാസം

ഡേറ്റ ഉപയോഗിച്ച് ഒരു സേവനം കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ ലഭിക്കുന്നതിന് വേണ്ട സമയമാണ് ലേറ്റൻസി. 3ജി, 4ജി ഫോണുകളിലും ഡെ‌സ്‌ക് ടോപ്പ് കംപ്യൂട്ടറുകളിലുമുള‌ള ഇഴച്ചിൽ പലപ്പോഴും നമ്മുടെ ക്ഷമ കെടുത്തും. എന്നാൽ 5ജി വരുമ്പോൾ സെക്കന്റുകൾ കൊണ്ട് നാം തേടുന്ന കാര്യം സാധിക്കാനാകും.

രണ്ട് മണിക്കൂർ 20 സെക്കന്റ് നീളുന്ന സിനിമ ഡൗൺലോഡ് ചെയ്യാൻ 4ജിയിൽ 7 മിനിട്ട് മുതൽ മണിക്കൂറുകൾ വരെയെടുക്കാം. എന്നാൽ, 5ജിയിൽ ഇത് ആറ് സെക്കന്റ് മതി. മിന്നൽ വേഗത്തിൽ.


ഗെയിം മേഖലയിലെ വികസനം

മൊബൈൽ, ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് മുതലായവ ഉപയോഗിച്ച് ഗെയിമിംഗ് വർദ്ധിച്ചുവരുന്ന ഇക്കാലത്ത് കൂടുതൽ വ്യക്തവും വേഗവുമേറിയ ഗെയിമിംഗ് ലഭിക്കുന്നതോടെ ഗെയിം വ്യവസായത്തിനും ഉണർവുണ്ടാകും. 2021ൽ ഗെയിം വ്യവസായത്തിലെ വരുമാനം 198 ബില്യൺ ഡോളറാണെങ്കിൽ വരുന്ന അഞ്ച് വർഷത്തിൽ ഇത് 340 ബില്യൺ ഡോളറായി ഉയരുമെന്നാണ് കരുതുന്നത്. സാങ്കേതികവിദ്യ ജീവിതവുമായി അതിവേഗം ബന്ധിപ്പിക്കാനാവുന്നതിന്റെ ഗുണം സർവമേഖലയിലും ഉണ്ടാകുമെന്ന് ചുരുക്കം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.