വാഷിംഗ്ടൺ : ഭീമൻ ദിനോസറുകൾ ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച ഒരു കൂറ്റൻ ഛിന്നഗ്രഹ പതനത്തിലൂടെയാണ് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്. മെക്സിക്കോയിൽ യുകാറ്റൻ ഉപദ്വീപിന് സമീപം ചിക്സുലൂബിലാണ് ആ ഛിന്നഗ്രഹം പതിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.
ഏകദേശം 10 കിലോമീറ്റർ വ്യാസമുണ്ടായിരുന്നെന്ന് കരുതുന്ന ഈ ഛിന്നഗ്രഹം ഭൂമിയെ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വിറപ്പിച്ച ഒരു അതിഭീകരൻ ഭൂകമ്പത്തിനും കാരണമായെന്നാണ് ഇപ്പോൾ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പറയുന്നത്. ഈ മെഗാ ഭൂകമ്പത്തിലൂടെ ഏകദേശം 1023 ജൂൾ ഊർജമാണ് പുറന്തള്ളപ്പെട്ടത്. അതായത്, 2004ൽ ഇൻഡോനേഷ്യയിലെ സുമാത്രയിലുണ്ടായ റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിന്നുണ്ടായതിനേക്കാൾ 50,000 ഇരട്ടി.!
ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ഈ ആഴ്ച തന്നെ പുറത്തുവിടും. ഭൂകമ്പത്തിന്റെ ഫലമായി കൂറ്റൻ സുനാമിത്തിരകളും ഭൂമിയിൽ അങ്ങോളമിങ്ങോളം ആഞ്ഞടിച്ചിരുന്നു. ഇന്നത്തെ സുനാമികളേക്കാൾ ആയിരം മടങ്ങ് ശക്തമായിരുന്നു അത്. ഗൾഫ് ഒഫ് മെക്സിക്കോയിൽ നിന്ന് തുടങ്ങിയ സുനാമി ന്യൂസിലൻഡ് വരെയെത്തി. തുടരെ അഗ്നിപർവത സ്ഫോടനങ്ങളുമുണ്ടായി.
ലോകത്തിന്റെ ശ്വാസകോശമായ ആമസോൺ മഴക്കാടുകളുടെ ഉത്ഭവത്തിന് കാരണമായതും ഇതേ ഛിന്നഗ്രഹ പതനമാണ്. ഭൂമിയിലെ ഏറ്റവും വൈവിദ്ധ്യമാർന്ന ആവാസവ്യവസ്ഥയായ നിയോട്രോപ്പിക്കൽ റെയ്ൻ ഫോറസ്റ്റുകളുടെ ആവിർഭാവത്തിന് ഈ സംഭവം കാരണമായെന്ന് വിലയിരുത്തുന്നുണ്ട്.
എന്നാൽ ഫോസിൽ സസ്യജാലങ്ങളുടെ പര്യവേക്ഷണത്തിന്റെ അഭാവം കാരണം ഈ മാറ്റങ്ങൾ എങ്ങനെ സംഭവിച്ചു എന്നതിൽ കൃത്യതയില്ല. ഛിന്നഗ്രഹ പതനത്തിന് പിന്നാലെ നശിച്ച ഉഷ്ണ മേഖലാ മഴക്കാടുകൾ ഏകദേശം ആറ് ദശലക്ഷം വർഷം കൊണ്ടാണ് ഇന്നത്തെ പോലെ വ്യത്യസ്ത സ്പീഷീസിലെ സസ്യങ്ങളോടെയുള്ള പച്ചപ്പ് വീണ്ടെടുത്തതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |