ന്യൂയോർക്ക് : പുലർച്ചെ നിശബ്ദതമായ അന്തരീക്ഷത്തിനിടെയുള്ള പക്ഷികളുടെ മനോഹരമായ സംഗീതം ആസ്വദിക്കുന്നവരാണോ നിങ്ങൾ ? ഈ പക്ഷികളുടെ ശബ്ദത്തിൽ ലയിക്കുമ്പോൾ എന്തോ ഒരു പ്രത്യേക തരം ശാന്തതയാണ് മനസിൽ. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ ? മാനസിക പിരിമുറുക്കങ്ങളെയും ഉത്കണ്ഠയേയും മറികടക്കാൻ പക്ഷികളുടെ ശബ്ദം കേൾക്കുന്നത് മനുഷ്യനെ സഹായിക്കും. അടുത്തിടെ ഒരുകൂട്ടം ജർമ്മൻ ഗവേഷകർ നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
നഗരങ്ങളിലെ ട്രാഫികിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നവെന്ന് ഗവേഷകർ വിലയിരുത്തി. ഇതിൽ തന്നെ ഈ ശബ്ദങ്ങളുടെ തീവ്രതയേയും പഠന വിധേയമാക്കി. ശാസ്ത്രജേണലായ ' സയന്റിഫിക് റിപ്പോർട്ടി"ൽ ഗവേഷകർ തങ്ങളുടെ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചു.
295 പേർ പഠനത്തിൽ പങ്കെടുത്തു. ഇവരെ ഉയർന്ന ട്രാഫിക് ശബ്ദം, താഴ്ന്ന ട്രാഫിക് ശബ്ദം, പക്ഷിയുടെ ഉയർന്ന ശബ്ദം, പക്ഷിയുടെ താഴ്ന്ന ശബ്ദം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ ഒരെണ്ണം ആറ് മിനിറ്റ് കേൾപ്പിക്കുകയും അതിന് മുമ്പും ശേഷവും ചില സൈക്കോളജിക്കൽ ടാസ്കുകൾക്കും സർവേകൾക്കും വിധേയമാക്കുകയും ചെയ്തതിലൂടെയാണ് പക്ഷികളുടെ സംഗീതത്തിന് മനുഷ്യരുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാനാകുമെന്ന് സ്ഥിരീകരിച്ചത്. ലോകമെമ്പാടും നഗരവത്കരണം വ്യാപകമാണ്. 2050ഓടെ ഭൂമിയിലെ 70 ശതമാനം മനുഷ്യരും നഗരങ്ങളിലാകും ജീവിക്കുകയെന്നാണ് വിലയിരുത്തൽ. ഇതിനിടെ വൈവിദ്ധ്യമാർന്ന നിരവധി പക്ഷി സ്പീഷീസുകൾ ലോകത്ത് നിന്ന് അപ്രത്യക്ഷമായേക്കുമെന്നാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |