തിരുവനന്തപുരം: നേരം പുലർന്നിട്ടില്ല. പൊതുവഴിയിൽ വനിത ഏകയായി നടക്കുന്നു. നല്ല അവസരമെന്നു കരുതി 'ഞരമ്പ് രോഗികൾ' പാത്തും പതുങ്ങിയുമെത്തിയാൽ സവാരിക്കിറങ്ങിയവർ തന്നെ തൂക്കിയെടുക്കും. പൊലീസും പ്രഭാത സവാരിക്കിറങ്ങുകയാണ്, മറ്റുള്ളവരെ സംരക്ഷിക്കാൻ. നടന്നു പോകുന്നവരെപ്പോലെ അവർ റോഡിലുണ്ടാകും. വനിതാ പൊലീസും കൂട്ടത്തിലുണ്ടാവും. പക്ഷേ, യൂണിഫോമിലായിരിക്കില്ല. പരിസരം നിരീക്ഷിച്ചുകൊണ്ട് ബൈക്കിലും പൊലീസ് റോന്തുചുറ്റും. ഇതിനുള്ള ആക്ഷൻ പ്ളാൻ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു.
സ്ത്രീകൾ പതിവായി നടക്കുന്ന പാതകളിലാവും പൊലീസിന്റെ സാന്നിദ്ധ്യം. പിങ്ക്, ഷാഡോ, ബീക്കൺ പൊലീസുകാരാണ് ദൗത്യം ഏറ്റെടുക്കുന്നത്. പുലർച്ചെ നാലു മുതൽ എട്ടുവരെയാണ് പ്രത്യേക സുരക്ഷ. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതി വൈകാതെ സംസ്ഥാന വ്യാപകമാക്കും.
ബൈപ്പാസിലെ പാച്ചല്ലൂരിൽ ഐ.പി.എസ് ഉദ്യോഗസ്ഥയും മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറും വഞ്ചിയൂരിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയും ആക്രമണത്തിന് ഇരയായതോടെയാണ് പ്രഭാത സവാരിക്കാർക്ക് സംരക്ഷണം നൽകാൻ പൊലീസ് ആക്ഷൻ പ്ളാൻ തയ്യാറാക്കിയത്.
ഓടിച്ചിട്ട് പിടിക്കും
1 ജോഗിംഗ് നടത്തുന്നവർക്കൊപ്പം ഓടിയും നടന്നും അനുഗമിക്കുന്ന മഫ്തി പൊലീസ് അക്രമിയെ ഓടിച്ചിട്ട് പിടിക്കും
2 ബൈക്കിലോ മറ്റോ കടന്നു കളയാൻ ശ്രമിച്ചാൽ ബൈക്ക് പട്രോളിംഗ് സംഘം പിന്തുടർന്ന് പിടിക്കും
3 ജീപ്പിലെ പട്രോളിംഗും വാഹന പരിശോധനയും രാവിലെ ശക്തമാക്കും
''സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പ്രഭാത സവാരിക്കാരായ സ്ത്രീകൾക്ക് നിർഭയം പുറത്തിറങ്ങാവുന്ന സാഹചര്യമൊരുക്കും''
കെ.പദ്മകുമാർ,
അഡിഷണൽ ഡി.ജി.പി
വെറുതേയൊരു പിങ്ക്
സ്ത്രീകളുടെ സംരക്ഷണത്തിനായി വനിതാപൊലീസിന്റെ പിങ്ക് ഷാഡോ, പിങ്ക് പട്രോൾ, പിങ്ക് റോമിയോ എന്നിവയുണ്ടെങ്കിലും വണ്ടിയിൽ വെറുതേ ചുറ്റുകയാണെന്ന് അക്ഷേപം ഉയർന്നിരുന്നു.
സ്ത്രീസുരക്ഷയ്ക്ക് വർഷം തോറും 100 കോടി രൂപ ചെലവിടുന്ന സംസ്ഥാനത്ത് പദ്ധതികൾ ഫലപ്രദമാകുന്നില്ലെന്നും പരാതിയുണ്ട്. കുറേനാൾ മുമ്പ് സർക്കാരും വനിതാ നേതാക്കളും രാത്രി നടത്തം സംഘടിപ്പിച്ച് മേനി നടിച്ചെങ്കിലും അതിലൊന്നും കഴമ്പില്ലെന്നാണ് അനുഭവങ്ങൾ തെളിയിച്ചത്.