കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ തനിയെ തുറന്നതിനെ തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നരിക്കുനി ഒടുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനിയും ആയുർവേദ തെറാപ്പിസ്റ്റായ ഉഷയാണ് (53) മരിച്ചത്.
ഇന്നലെ രാവിലെ ഏഴിന് നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴത്തായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന 'അലങ്കാർ' ബസിൽ നെല്ലേരി താഴെ നിന്നാണ് ഉഷ കയറിയത്. നല്ല തിരക്കായതിനാൽ ഡോറിനടുത്താണ് നിന്നത്. നെല്ലേരിതാഴം വളവിലെത്തിയപ്പോൾ ഡോർ തുറന്ന് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിന് ഇടയാക്കിയതിന് ബസ് ഡ്രൈവർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. അതേസമയം ഓട്ടോമാറ്റിക് ഡോറിന്റെ ബട്ടൺ യാത്രക്കാരിലൊരാൾ അറിയാതെ അമർത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബസ് കണ്ടക്ടർ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം നടത്തുന്നുണ്ട്. ഉഷയുടെ ഭർത്താവ്: സനിൽകുമാർ (ഇലക്ട്രാണിക്സ് കടയുടമ). മക്കൾ: വിഷ്ണു, ബിനു.