ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. ബോളിവുഡ് നായിക അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയും നായികാനായകൻമാരായ ലൈഗർ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി ചോദ്യം ചെയ്യുന്നത്.
ഹൈദരാബാദ് ഇ ഡി ഓഫീസിലാണ് നിലവിൽ താരം ഉള്ളത്. സംശയാസ്പദമായ മാർഗങ്ങളിലൂടെയാണ് സിനിമയുടെ ഫണ്ടിംഗ് നടത്തിയതെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് ബക്ക ജഡ്‌സൺ നൽകിയ പരാതിയിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. സിനിമാ നിർമാണത്തിനായി ചില രാഷ്ട്രീയക്കാർ കള്ളപ്പണം ഉപയോഗിച്ചുവെന്ന ആക്ഷേപവും ഉണ്ട്. ദുബായ് കേന്ദ്രീകരിച്ച് ചില പണമിടപാടുകൾ നടന്നതായും ഇ ഡി വ്യക്തമാക്കുന്നു. 125 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്.
വിജയ് ദേവരകൊണ്ടയ്ക്ക് ചിത്രത്തിന് ലഭിച്ച പ്രതിഫലം, മറ്റ് അണിയറപ്രവർത്തകർ കൈപ്പറ്റിയ പണം എന്നിവയാണ് ഇ ഡി പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലൈഗറിന്റെ നിർമാതാക്കളായ പുരി ജഗന്നാഥിനെയും ചാർമി കൗറിനെയും ഇ ഡി നേരത്തെ പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.