ദോഹ: നിർണായകമായ അവസാന റൗണ്ട് മത്സരത്തിൽ മുൻ ലോകജേതാക്കളായ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് ഇയിലെ ചാമ്പ്യൻമാരായി ജപ്പാൻ പ്രീക്വാർട്ടറിൽ കടന്നു. തോറ്റെങ്കിലും സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. അതേസമയം കോസ്റ്റാറിക്കയ്ക്കെതിരെ 4-2ന്റെ വിജയം നേടിയെങ്കിലും ജർമ്മനി പ്രീക്വാർട്ടറിൽ കടക്കാതെ തുടർച്ചയായ രണ്ടാം ലോകകപ്പിലും പുറത്തായി. ജർമ്മനിക്കും സ്പെയിനും 4 പോയിന്റ് വീതമാണെങ്കിലും മികച്ച ഗോൾ ശരാശരിയിൽ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു.
ജർമ്മനി- കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ച ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാർട്ട് പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയായി. അസിസ്റ്റന്റ് റഫറിമാരും വനിതകളായിരുന്നു. ബ്രസീലിൽ നിന്നുള്ള ന്യൂസ ബക്കും മെക്‌സിക്കോയിൽ നിന്നുള്ള കാരെൻ ഡയസുമാണ് അസിസ്റ്റന്റ് റഫറിമാർ.