സംസ്ഥാന സ്കൂൾ കായിക മേളയുടെ ആദ്യ ദിനം പാലക്കാട് മുന്നിൽ,ഒപ്പം അട്ടിമറി സൂചനകളും
തിരുവനന്തപുരം: കൊവിഡ് കവർന്നെടുത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം വേദിയാകുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് തന്നെ മുന്നിൽ. രാവിലെ നിറം മങ്ങിയെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങളിലെ മികവുമായി നിലവിലെ റണ്ണറപ്പുകളായ എറണാകുളം രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളോളം സ്കൂൾ കായികരംഗത്തെ ചാമ്പ്യൻ ജില്ലയായിരുന്ന കോട്ടയം ഗംഭീര പ്രക്ടനവുമായി മൂന്നാം സ്ഥാനത്തുണ്ട്.
23 ഇനങ്ങളുടെ ജേതാക്കളെ കണ്ടെത്തിയ ആദ്യ ദിനം ഒൻപത് സ്വർണവും ആറു വെള്ളിയും നാലു വെങ്കലവുമായി 67 പോയിന്റുമായാണ് പാലക്കാടിന്റെ പടയോട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് അഞ്ചു സ്വർണവും രണ്ട് വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 34 പോയിന്റേയുള്ളൂ. മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിന്റെ അക്കൗണ്ടിൽ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 21 പോയിന്റാണുള്ളത്.
മൂന്ന് റെക്കാഡുകൾ
ഇന്നലെ മൂന്നു മീറ്റ് റെക്കാഡുകളാണ് പിറന്നത്. സീനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർഗോഡ് ചീമേനി സ്‌കൂളിലെ അഖിലാ രാജു( 43.40 മീറ്റർ), ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോഡ് എളംപാച്ചി ജി.സി.എസ്.ജി.എച്ച്.എസ്.എസിലെ വി.എസ് അനുപ്രിയ (15.73 മീറ്റർ) ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ ശിവദേവ് രാജീവ് ( 4.07 മീറ്റർ) എന്നിവരാണ് ഇന്നലെ റെക്കാർഡ് ബുക്കിൽ ഇടം നേടിയത്.
സ്‌കൂളുകളിൽ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 21 പോയിന്റോടെ നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം മാർ ബേസിൽ സ്‌കൂളാണ് ഒന്നാമത്. രണ്ടു സ്വർണവും രണ്ടു വെള്ളിയുമായി 16 പോയിന്റോടെ കല്ലടി എച്ച്എസ് കുമരംപുത്തൂർ രണ്ടാമതും രണ്ട് സ്വർണവും ഒരുവെള്ളിയും ഉൾപ്പെടെ 13 പോയിന്റുമായി പറളി എച്ച്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. മീറ്റിലെ ആവേശകരമായ മത്സര ഇനമായിരുന്ന 400 മീറ്ററിൽ നാലും 3000 മീറ്ററിൽ മൂന്നു സ്വർണത്തിന് പാലക്കാടൻ താരങ്ങൾ അവകാശികളായി.