തിരുവനന്തപുരം: സമ്പൂർണ പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായി 2040തോടെ കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ ലോക ബാങ്കുമായി സഹകരിച്ച് റീബിൽഡ് കേരള ഇനിഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന പാർട്‌ണേഴ്സ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സാമൂഹ്യ ഭരണനിർവഹണാധിഷ്ഠിത നിക്ഷേപങ്ങൾക്കു പ്രോത്സാഹനം നൽകുന്ന ഇ.എസ്.ജി കേന്ദ്രീകൃത വ്യവസായ നയം കേരള ഉടൻ പുറത്തിറക്കും. വയനാട്ടിൽ ഒരു ക്ലൈമറ്റ് സ്മാർട്ട് കോഫീ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും. 2050ഓടെ കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതുക്കിയ കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2.0 പ്രകാശനം ചെയ്തു. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടി രൂപയുടെ വികസന വായ്പാ കരാർ റീബിൽഡ് കേരള ഇനിഷ്യേറ്റിവ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബിശ്വനാഥ് സിൻഹയും എ.എഫ്.ഡി. കൺട്രി ഡയറക്ടർ ബ്രൂണോ ബോസ്ലെയും ഒപ്പുവച്ചു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ലോകബാങ്ക് റിപ്പോർട്ടും ചടങ്ങിൽ പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്,വേൾഡ് ബാങ്ക് സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടർ ജോൺ എ.റൂമി,ഇന്റർനാഷണൽ സോളാർ അലിയൻസ് ചീഫ് ഓഫ് ഓപ്പറേഷൻസ് ജോഷ്വ വൈക്ലിഫ്,കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ലീന നന്ദൻ,സംസ്ഥാന ആഭ്യന്തര,പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3.45ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.