മുംബയ് : നാലുമാസമായി പരിക്ക് മൂലം പുറത്തായിരുന്ന പേസർ ജസ്പ്രീത് ബുംറയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി . ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ കായികക്ഷമത പരീക്ഷയിൽ വിജയിച്ചതോടെയാണ് ബുംറയെ തിരിച്ചുവിളിച്ചത്.
നടുവേദനയെത്തുടർന്ന് കഴിഞ്ഞ സെപ്തംബർ മുതൽ ബുംറ ടീമിന് പുറത്തായിരുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബുംറ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.പരിക്ക് കാരണം കഴിഞ്ഞ ഏഷ്യാ കപ്പിലും ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബുംറയെ പരിഗണിച്ചിരുന്നില്ല. പരിക്ക് ഭേദമായതിനെ തുടർന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പരമ്പരയിലെ മൂന്നാം മത്സരം 15ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |