റിയാദ്: ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി രാജ്യത്തെത്തുന്നവര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സൗദി അറേബ്യ. തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊവിഡ് പ്രതിരോധ വാക്സിന്റെ എല്ലാ ഡോസുകളും എടുത്തിരിക്കണമെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതണമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനായി അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
കൊവിഡിനെ കൂടാതെ മെനിഞ്ചൈറ്റിസ്, ഇന്‍ഫ്ളുവന്‍സ എന്നിവയ്ക്കുള്ള പ്രതിരോധ വാക്സിനുകളെക്കുറിച്ചും സമാനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായ വിട്ടുമാറാനാകാത്ത രോഗങ്ങളോ പകര്‍ച്ചവ്യാധികളോ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളില്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷക്കാലത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണയുള്ള ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബാധകമല്ല എന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ തന്നെയും ചൈന അടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊവിഡ് നിരക്ക് വീണ്ടും ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് പ്രതിരോധവാക്സിനുകള്‍ അടക്കമുള്ള സുരക്ഷ മുന്നൊരുക്കങ്ങള്‍ നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |