തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം പൊളിച്ച സംഭവത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലായതിന് പിന്നാലെ ഈ വിഷയം അടക്കമുളള അജൻഡകളുമായി കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് നടക്കും. ബിനിയിലെ പ്രവൃത്തികൾക്ക് കരാറുകാരന് മേയർ മുൻകൂർ അനുമതി നൽകിയിട്ടുള്ളത് ഈ കൗൺസിലിൽ അംഗീകരിച്ചില്ലെങ്കിൽ ബാദ്ധ്യത മേയർക്ക് വരുമെന്നതിനാൽ നിർണായകമാണ് യോഗം.
രാവിലെ 11ന് സാധാരണ യോഗമായി വിളിച്ചു ചേർത്തിരിക്കുന്ന കൗൺസിലിൽ 96 വിഷയങ്ങൾ പരിഗണിക്കും. ബിനി ടൂറിസ്റ്റ് ഹോം വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത് ഏറ്റവും അവസാനമായാണ്. ഇത് എളുപ്പത്തിൽ അജൻഡ പാസാക്കിയെടുക്കലാണ് ഭരണപക്ഷം ലക്ഷ്യമിട്ടിട്ടുള്ളതെന്ന ആരോപണമുയർത്തിയിട്ടുണ്ട്.
കോൺഗ്രസും ബി.ജെ.പിയും കോടതിയെ സമീപിച്ചതോടെ, അഭിഭാഷക കമ്മിഷൻ ശനിയാഴ്ച കോർപ്പറേഷൻ ഓഫീസിലും ബിനി ടൂറിസ്റ്റ് ഹോമിലുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സെക്രട്ടറിയിൽ നിന്നും സൂപ്രണ്ടിംഗ് എൻജിനീയറിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇത് സംബന്ധിച്ച ഫയൽ മേയറുടെ കൈവശമാണെന്ന സെക്രട്ടറിയുടെ മറുപടിയനുസരിച്ച് ഫയൽ ആവശ്യപ്പെട്ട് മേയറുടെ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കൗൺസിൽ നടക്കുന്ന സമയത്ത് അഭിഭാഷക കമ്മിഷൻ തെളിവെടുപ്പും കോർപ്പറേഷനിൽ നടക്കും.
ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയലിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് കോർപറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനീയറും വ്യക്തമാക്കിയതോടെ പ്രതിരോധത്തിലാണ് ഭരണപക്ഷം. ഫയൽ തന്റെ പക്കൽ അല്ലെന്നും രേഖാമൂലം ആവശ്യപ്പെട്ട പ്രകാരം മേയർക്ക് കൈമാറിയെന്നുമാണ് സെക്രട്ടറി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |