കൊച്ചി: ആവാസവ്യവസ്ഥകൾ, ജൈവബോധനം എന്നിവയെക്കുറിച്ചുള്ള 'സോയിൽ അസംബ്ളി" നാളെ മുതൽ കൊച്ചി മുസിരിസ് ബിനാലെയിൽ നടക്കും. അഞ്ച് ദിവസം നീളുന്ന അസംബ്ലിയിൽ രാജ്യാന്തര പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകൾ, വീഡിയോ- സിനിമ പ്രദർശനങ്ങൾ, ചർച്ചകൾ, ശില്പശാലകൾ എന്നിവ ഉണ്ടാകും. ഫോർട്ടുകൊച്ചി കബ്രാൾ യാർഡിലെ ബിനാലേ പവിലിയനിൽ നാളെ മുതൽ മൂന്നു വരെ ഉച്ചയ്ക്ക് ഒന്നിനും നാല്, അഞ്ച് തീയതികളിൽ വൈകിട്ട് അഞ്ചിനുമാണ് പരിപാടികൾ. പ്രമുഖ കലാപ്രവർത്തകർ, ഡിസൈനർമാർ, ക്യൂറേറ്റർമാർ, വാസ്തുവിദ്യ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, സാമൂഹിക പ്രവർത്തകർ, കർഷകർ എന്നിവർ പങ്കെടുക്കും. മീന വാരി, എവൻ ചാഡ്രോണറ്റ്, മായ മിൻഡർ, നീൽ വൈറ്റ് എന്നിവരാണ് ക്യൂറേറ്റർമാർ.
വെസ്റ്റ്മിൻസ്റ്റർ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻ ആൻഡ് മീഡിയ, ഫ്യൂച്ചർ ഒഫ് ട്രാൻസ്പോർട്ടേഷൻ, ലബോറട്ടറി പ്ലാനറ്റ്.ഓർഗ്, ഹാക്റ്റേരിയ.ഓർഗ്, സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്ട്, സെന്റർ ഫോർ എക്സ്പിരിമെന്റൽ മീഡിയ ആൻഡ് ആർട്ട്സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സോയിൽ അസംബ്ലി.
കബ്രാൾ യാർഡ് ആർട്ട് റൂമിൽ രണ്ട്, മൂന്ന് തീയതികളിൽ രാവിലെ പത്തിന് രണ്ട് ശില്പശാലകൾ നടക്കും. ലിവിംഗ് സ്കൾപ്ച്ചർ,ത്രീ സിസ്റ്റേഴ്സ് ആൻഡ് മോർ എന്നീ ശില്പശാലകൾക്ക് ആസ്ത ചൗഹാനും സുരേഷ് കുമാറും നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |