ന്യൂഡൽഹി: ഒഡീഷ ആരോഗ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നബ കിഷോർ ദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ. പ്രതിയായ എഎസ്ഐ ഗോപാൽ ദാസ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് മന്ത്രിയ്ക്ക് നേരെ നിറയൊഴിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതി കൃത്യത്തിനായി ഉപയോഗിച്ച 9എംഎം പിസ്റ്റളും മൂന്ന് റൗണ്ട് തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. . ഇവ പരിശോധനയ്ക്കായി അയച്ചു. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഉടനെ തന്നെ കോടതിയിൽ ഹാജരാക്കും. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനാണ് മന്ത്രിയുടെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല. അതേസമയം എഎസ്ഐ ഗോപാൽ ദാസിനെ സേനയിൽ നിന്നും പിരിച്ചുവിട്ടതായി സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഞായറാഴ്ച പൊതു പരിപാടിയിൽ വെച്ചായിരുന്നു മന്ത്രിയ്ക്ക് നെഞ്ചിൽ വെടിയേറ്റത്.കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാൽ ദാസ് തൊട്ടടുത്തുനിന്ന് രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. കിഷോർ ദാസിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിന് പിന്നാലെ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ രാത്രിയോടെ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നും മന്ത്രിയ്ക്ക് വെടിയേറ്റ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രതികരിച്ചിരുന്നു. കോൺഗ്രസ് നേതാവായിരുന്ന നബ കിഷോർ ദാസ് 2019 -ലായിരുന്നു ബിജെഡിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |