ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളിൽ ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് ഡയാന രാജകുമാരിക്ക്. കാരുണ്യപ്രവർത്തനങ്ങളിലൂടെ ബ്രിട്ടീഷ് ജനങ്ങൾക്ക് മുന്നിൽ കിരീടമില്ലാത്ത രാജ്ഞിയുടെ പരിവേഷമാണ് ഡയാനയ്ക്ക്. നാടോടിക്കഥകളെ അനുസ്മരിപ്പിക്കുന്ന പ്രൗഢമായ നിമിഷങ്ങളും വിവാദങ്ങളും നിറഞ്ഞ ഡയാനയുടെ ജീവിതം ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യ ഭാര്യയായ ഡയാനയെ 1997 ഓഗസ്റ്റ് 31ന് ഒരു കാറപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തു.
36ാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഡയാനയുടെ ഓർമ്മകൾ ഇന്നും ചരിത്രത്തിൽ വേറിട്ട് നിൽക്കുന്നു. അതുകൊണ്ട് തന്നെ ഡയാനയുടെ ആഭരണങ്ങളും അതിമനോഹരമായ ഗൗണുകളുമൊക്കെ റെക്കാഡ് തുകയ്ക്കാണ് ലേലത്തിൽ പോയിട്ടുള്ളത്. ഇപ്പോഴിതാ ഡയാനയുടെ 25 വർഷം പഴക്കമുള്ള ഡീപ്പ് പർപ്പിൾ സിൽക്ക് വെൽവെറ്റ് ബോൾ ഗൗൺ 6,04,800 ഡോളറിന് (ഏകദേശം 4,93,15,550 രൂപ ) ലേലത്തിൽ വിറ്റിരിക്കുകയാണ്. 1991ൽ രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോയിലും 1997ൽ മരണത്തിന് തൊട്ടുമുമ്പ് വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ധരിച്ചിരുന്ന ഈ ഗൗണിന് 1,20,000 ഡോളർ വരെയായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ ഇതിന്റെ അഞ്ചിരട്ടിയിലേറെ തുകയ്ക്കാണ് വിറ്റത്. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിക്ടർ എഡെൽസ്റ്റെയ്ൻ ആണ് ഡയാനയ്ക്ക് വേണ്ടി സ്വീറ്റ് ഹൗർട്ട് നെക്ക്ലൈനും ടുലിപ് ആകൃതിയിലെ സ്കേർട്ടുമുള്ള ഈ സ്ട്രാപ്ലെസ് ഗൗൺ രൂപകല്പന ചെയ്തത്. ന്യൂയോർക്കിൽ പ്രശസ്ത ഫൈൻ ആർട്സ് കമ്പനി സതബീസാണ് ഗൗണിന്റെ ലേലം നടത്തിയത്. ഇതുവരെ നടന്ന ലേലങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച ഡയാനയുടെ വസ്ത്രവും ഈ ഗൗണാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |