കൊല്ലം: കുണ്ടറയിൽ കൊച്ചി ഇൻഫോപാർക്ക് പൊലീസിന് നേരെ വടിവാൾ വീശി കായലിൽ ചാടി രക്ഷപ്പെട്ട ഗുണ്ടാ സംഘത്തെ സാഹസികമായി കുണ്ടറ പൊലീസ് കീഴടക്കി. പ്രതികളുടെ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (26), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27), ഇവരെ ഒളിവിൽ താമസിപ്പിച്ച കുമ്പളം പാവട്ടുമൂലയിൽ കുരിശടിക്ക് സമീപം ചെങ്കീരി ഷൈജു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്.
കഴിഞ്ഞ നാല് ദിവസമായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് പാവട്ടുമൂലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘട്ടനത്തിനിടെ തടി കൊണ്ടുള്ള ആക്രമണത്തിൽ കുണ്ടറ സി.ഐ രതീഷ്, സി.പി.ഒമാരായ ഡാർവിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാപ്പ കേസിൽ ജയിൽ മോചിതനായ ചെങ്കീരി ഷൈജുവിന്റെ വീട്ടിലായിരുന്നു പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്.
പൊലീസിനെ ആക്രമിച്ചതിന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടൂർ റെസ്റ്റ് ഹൗസ് മർദ്ദന കേസിൽ ഇൻഫോപാർക്ക് പൊലീസും അറസ്റ്റ് രേഖപ്പെടുത്തും. ഈ കേസിൽ 28ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് പ്രതികൾ വടിവാൾ വീശി പുഴയിൽ ചാടി രക്ഷപ്പെട്ടത്. പൊലീസ് സ്വയരക്ഷയ്ക്ക് നാല് റൗണ്ട് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.
കേസിലെ മറ്റൊരു പ്രതിയായ ലിബിൻ ലോറൻസ് നേരത്തേ പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും.
പൊലീസുകാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ആക്രമിക്കുന്ന ചെങ്കീരി ഷൈജു
പൊലീസിന് നേരെ വാൾ വീശി കായലിൽ ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികളെ പൊലീസ് പിടികൂടിയത് സാഹസികമായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെങ്കീരി ഷൈജുവിന്റെ കുമ്പളം പാവട്ടുമൂലയിലെ വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് കുണ്ടറ പൊലീസ് ആന്റണിദാസിനെയും പ്ലാസിഡിനെയും പിടികൂടിയത്.
വീടുവളഞ്ഞ് പിടികൂടുന്നതിനിടെ കതക് തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്. പ്രതികളുടെ അക്രമണത്തിൽ കുണ്ടറ സി.ഐ രതീഷ്, സി.പി.ഒമാരായ ഡാർവിൻ, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ ഡാർവിൻ, രാജേഷ് എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായലിൽ ചാടി രക്ഷപ്പെട്ട പ്രതികൾ ദൂരെയെങ്ങും പോയിട്ടില്ലെന്ന നിഗമനത്തിൽ ഈ മേഖല കേന്ദ്രീകരിച്ച് ശനിയാഴ്ച മുതൽ പൊലീസുകാർ സംഘം തിരിഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. കഞ്ചാവ് ഇടപാടുകളുമായി ബന്ധപ്പെട്ട് ചെങ്കീരി ഷൈജുവും ആന്റണിയും തമ്മിൽ ശത്രുതയിലായിരുന്നതിനാൽ ഇയാളുടെ വീട്ടിൽ ഒളിവിൽ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. പ്രതികൾ കായലിൽ ചാടിയ മാപ്പിളപൊയ്കയിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരത്താണ് കുമ്പളം. കായൽ തീരത്ത് കൂടി വേഗതയിൽ ഇവിടെ എത്തിച്ചേരാം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കുണ്ടറ പേരയം കരിക്കുഴി മാപ്പിളപ്പൊയ്കയിൽ വച്ചാണ് ഇവരെ പിടിക്കാനെത്തിയ കൊച്ചി ഇൻഫോപാർക്ക് ഇൻസ്‌പെക്‌ടർ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെ വടിവാൾ വീശി സംഘം കായലിൽചാടി രക്ഷപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ആന്റണി ദാസും ലിയോ പ്ലാസിഡും. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇരുപത് കേസുകളിൽ പ്രതിയാണ്. ഇതിന് മുമ്പും നിരവധിതവണ പൊലീസിനെ ആക്രമിച്ചിട്ടുണ്ട്. 2016 ൽ അടിപിടികേസ് അന്വേഷിച്ചെത്തിയ കുണ്ടറ പൊലീസിനെ ആക്രമിച്ചു. 2018 ൽ കഞ്ചാവ് കേസ്. 2019 ലും 2021ലും പൊലീസിനെ ആക്രമിച്ച കേസുമുണ്ട്. രണ്ടു വർഷം മുൻപ് വീടാക്രമിച്ച കേസിലും മുഖ്യപ്രതിയാണ്. രണ്ടാംപ്രതി ലിയോപ്ലാസിഡ് ആന്റണിദാസിന്റെ കൂട്ടാളിയാണ്. കഴിഞ്ഞവർഷം കിഴക്കേകല്ലടയിലെ ബാറിൽ ആന്റണി ദാസും ലിയോ പ്ലാസിഡും ചേർന്ന് ആക്രമണം നടത്തിയപ്പോൾ പിടികൂടാൻ എത്തിയ കിഴക്കേകല്ലട പൊലീസിനെ പ്രതികൾ ആക്രമിച്ചിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണക്കേസുകളാണ് ഇരുവർക്കും എതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |