ബീജിംഗ് : സംരക്ഷിത ഇനത്തിൽപ്പെടുന്ന സ്രാവ് സ്പീഷീസായ ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ അനധികൃതമായി വാങ്ങി പാകം ചെയ്ത് കഴിച്ച് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചൈനീസ് ഫുഡ് വ്ലോഗർക്ക് 18,500 ഡോളർ ( 15 ലക്ഷം രൂപ ) പിഴ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ടിസി എന്നറിയപ്പെടുന്നു ജിൻ മൗമൗവിനാണ് അധികൃതർ പിഴ ഈടാക്കിയത്.
2022 ഏപ്രിലിലാണ് മൗമൗ ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ വാങ്ങിയതെന്നും ഇതിനെ മൗമൗ സ്വയം പാകം ചെയ്ത് കഴിക്കുന്നതിന്റെ വീഡിയോ ജൂലായിലാണ് പോസ്റ്റ് ചെയ്തതെന്നും വടക്കുകിഴക്കൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാൻചോംഗ് നഗരത്തിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. ടിക്ക് ടോക്കിന് സമാനമായ ഡൗയിൻ ആപ്പിലാണ് മൗമൗ വീഡിയോ പോസ്റ്റ് ചെയ്തത്.
'വൈൽഡ് ആനിമൽ പ്രൊട്ടക്ഷൻ ലോ ഒഫ് ദ പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈന"യുടെ ലംഘനമാണിതെന്ന് അധികൃതർ പറയുന്നു. ഗ്രേറ്റ് വൈറ്റ് ഷാർക്കുകളെ അനധികൃതമായി കൈവശം വയ്ക്കുന്നത് അഞ്ച് മുതൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ പ്രസ്താവനയിൽ പറയുന്നു. ആറടി നീളമുണ്ടായിരുന്ന സ്രാവിനൊപ്പം വിവിധ പോസുകളിലുള്ള ചിത്രങ്ങളും മൗമൗ പകർത്തിയിരുന്നു. സ്രാവിന്റെ തല സൂപ്പ് പോലെയും ശരീരം മുറിച്ച് ഗ്രിൽ ചെയ്തെടുക്കുകയുമായിരുന്നു. ഭക്ഷണം ആസ്വദിച്ച് കഴിച്ച മൗമൗ ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ മാംസം വളരെ മൃദുവാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
സ്രാവിനെ 7,700 യുവാന് ( 93,295 രൂപ ) ആലിബാബയുടെ ടാവോബാവോ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റിൽ നിന്നാണ് മൗമൗ വാങ്ങിയത്. ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ പിടികൂടിയ മത്സ്യത്തൊഴിലാളിയേയും അതിനെ ഓൺലൈനിൽ വിറ്റ വ്യാപാരിയേയും പൊലീസ് പിടികൂടി. 20ാം നൂറ്റാണ്ടിൽ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ ഇല്ലാതാകും എന്ന ഘട്ടമുണ്ടായിരുന്നു.
എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ ഇവ പുനഃരുജ്ജീവനത്തിന്റെ പാതയിലാണ്. ഇവയുടെ വില്പന, വാങ്ങൽ, ഉപയോഗം എന്നിവ ചൈനയിൽ നിരോധിച്ചിട്ടുണ്ട്. കടലിലെ ഏറ്റവും വലിയ ഇരപിടിയൻമാരിൽ ഒന്നാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ. മനുഷ്യനെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള സ്രാവ് സ്പീഷീസും ഇതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |